‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബോളിവുഡ് ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുംഗ്സുംഗ് വാങ്ഡു എന്ന മുഖ്യ കഥാപാത്രം സോനം വാംഗ്ചുക്ക് (Sonam Wangchuk) എന്ന എഞ്ചിനീയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. ലഡാക്കിൽ നിന്നുള്ള സോനം വാംഗ്ചുക്ക് വിദ്യാഭ്യാസ വിദഗ്ധനും പരിസ്ഥിതി പ്രവർത്തകനും എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് സോനം ശ്രദ്ധേയനാകുന്നത്. മഗ്‌സസെ പുരസ്കാര ജേതാവ് കൂടിയായ സോനം വാംഗ്ചുക്കിനെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

1966ൽ ലേയ്ക്കടുത്തുള്ള ഉലെയ്‌ടോക്‌പോ എന്ന ചെറുഗ്രാമത്തിലാണ് സോനം വാംഗ്ചുക്ക് ജനിച്ചത്. ഗ്രാമത്തിൽ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഒൻപത് വയസ്സുവരെ വീട്ടിൽത്തന്നെയായിരുന്നു പഠനം. 1975ൽ കുടുംബം ശ്രീനഗറിലേക്ക് താമസം മാറി. പിന്നീട് അദ്ദേഹം 12ആം വയസ്സിൽ ഡൽഹി കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടി. തുടർന്ന് വാംഗ്ചുക്ക് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്ക് നേടി.

വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ വാംഗ്ചുക്ക് എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ലഡാക്കിലേക്കുതന്നെ മടങ്ങി. 1988ൽ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) സ്ഥാപിച്ചു. ലഡാക്കിൽ സാംസ്‌കാരികമായും പാരിസ്ഥിതികമായും കൂടുതൽ അനുയോജ്യമാകുന്ന വിധത്തിൽ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഓപ്പറേഷൻ ന്യൂ ഹോപ്പ് എന്ന പദ്ധതിയിലൂടെ അദ്ദേഹം അധ്യാപക പരിശീലനം, പാഠ്യപദ്ധതി പരിഷ്കാരങ്ങൾ തുടങ്ങിയവയ്ക്കായി പ്രവർത്തിച്ചു.

ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിനായുള്ള മനുഷ്യനിർമിത ഹിമാനിയായ ഐസ് സ്തൂപ പദ്ധതിയാണ് വാംഗ്ചുക്കിനെ ശ്രദ്ധേയനാക്കിയ മറ്റൊരു പദ്ധതി. ലഡാക്കിൽ വേനൽക്കാലത്ത് വെള്ളം ലഭ്യമായിരുന്നില്ല. ഇതിനു പരിഹാരമായി ശൈത്യകാലത്ത് ലഭ്യമായ വെള്ളം സംഭരിക്കുന്നതിനായി കോൺ ആകൃതിയിലുള്ള ഐസ് കൂമ്പാരങ്ങൾ പോലെയുള്ള കൃത്രിമ ഹിമാനികൾ അദ്ദേഹം നിർമിച്ചു. വേനൽക്കാലത്തും വസന്തകാലത്തും ഇവ ഉരുകി കർഷകർക്ക് ആവശ്യമുള്ള വെള്ളം നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള ജലക്ഷാമം പരിഹരിക്കുന്നതിനായി കുറഞ്ഞ ചിലവിൽ ജലസംഭരണി നിർമിക്കുന്നതിനുള്ള ആശയമെന്ന നിലയിൽ ഇത് ആഗോളശ്രദ്ധ നേടി. വിദ്യാഭ്യാസത്തിലും നവീകരണത്തിലുമുള്ള അദ്ദേഹത്തിന്റെ സമൂഹാധിഷ്ഠിത സമീപനം 2018ൽ അദ്ദേഹത്തിന് മഗ്‌സസെ പുരസ്കാരം നേടിക്കൊടുത്തു. ഇങ്ങനെ ആശയങ്ങൾകൊണ്ട് ഇന്ത്യയിലും വിദേശത്തും ഒരുപോലെ അംഗീകാരം നേടിയ വ്യക്തിയാണ് സോനം വാംഗ്ചുക്ക്.

ലഡാക്ക് പ്രതിഷേധവുമായുള്ള ബന്ധം
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് അദ്ദേഹം നിരാഹാര സമരങ്ങളും മാർച്ചുകളും നടത്തിവരുന്നു. ഈ മാസം ലേയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം നടത്തിയ 35 ദിവസത്തെ ഉപവാസം അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങൾ പ്രാദേശിക ഓഫീസുകളും ലഡാക്ക് തിരഞ്ഞെടുപ്പ് ഓഫീസറേയും ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതോടെ കഥ മാറി. അക്രമത്തിൽ സോനം വാങ്ചുക്കിന്റെ പങ്ക്  ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.

സോനത്തിന്റെ സ്ഥാപനമായ എസ്ഇസിഎംഒഎല്ലിന്റെ FCRA റജിസ്ട്രേഷൻ ഗവൺമെന്റ് റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ ആവർത്തിച്ച് നടത്തിയെന്ന് കണ്ടെത്തുമ്പോഴാണ് സർക്കാരിതര സംഘടനകൾക്കുള്ള വിദേശ ധനസഹായം സർക്കാർ റദ്ദാക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉൾപ്പെടെ, കണ്ടെത്തിയതിനാൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ വ്യക്തമാക്കുന്നു. എന്തായാലും പ്രകൃതി സ്നേഹിയുടേയും ഇന്നവേറ്ററുടേയും ഇമേജിൽ നിന്ന് അക്രമസംഭവങ്ങളുടെ പ്രേരകനെന്ന ആരോപണത്തിലേക്കാണ് സോനം വാങ്ചുക്ക് മാറിയിരിക്കുന്നത്.

Sonam Wangchuk, the ‘3 Idiots’ inspiration and Magsaysay awardee, known for ‘Ice Stupa,’ was arrested for leading the statehood protests in Ladakh.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version