2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്ന് സേനാ വിഭാഗങ്ങളായ വ്യോമസേന, നാവികസേന, കരസേന എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മൂന്ന് സേനാ വിഭാഗങ്ങളും തടസ്സങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയായിരുന്നു പ്രധാനമന്ത്രി അന്ന് എടുത്തുപറഞ്ഞത്. ഇതാണ് തിയേറ്റർ കമാൻഡുകളെക്കുറിച്ചുള്ള (Theatre command) ചർച്ചകൾക്ക് തുടക്കമിട്ടത്. സൈന്യം, നാവികസേന, വ്യോമസേന എന്നിവയേയും അവയുടെ വിഭവങ്ങളെയും നിർദിഷ്ട ‘തിയേറ്റർ കമാൻഡുകളായി’ സംയോജിപ്പിക്കാനും, ഒരൊറ്റ ഏകീകൃത കമാൻഡ് ഘടനയ്ക്ക് കീഴിൽ വിന്യസിക്കാനുമാണ് തിയേറ്ററൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ, പ്രതിരോധ രംഗത്ത് കൂടുതൽ ഏകോപനവും വേഗതയും കൈവരിച്ച് ഇന്ത്യയുടെ സൈനിക ശക്തി ലോകനിലവാരത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

സേനാവിഭാഗങ്ങളുടെ എല്ലാ തലങ്ങളിലും സംയുക്ത പരിശീലനം ഉൾപ്പെടെ സജ്ജമാക്കി കര, വ്യോമ, നാവിക സേനകളുടെ സംയുക്ത കമാൻഡിനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് പ്രതിരോധമന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം കൊൽക്കത്തയിൽ നടന്ന സംയോജിത കമാൻഡേഴ്സ് കോൺഫറൻസിൽ ഈ നടപടികളിൽ ചിലത് ചർച്ച ചെയ്യപ്പെട്ടു. പരസ്പരം കഴിവുകളെയും വെല്ലുവിളികളെയും കുറിച്ചുള്ള ധാരണ വർധിപ്പിക്കാൻ സായുധ സേനകൾ പ്രവർത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിയേറ്റർ കമാൻഡുകൾ പോലുള്ളവ നടപ്പിലാക്കുന്നതിന് മുമ്പ് സംയോജനം വർധിപ്പിക്കുന്നതിനായി, തുടക്കം മുതൽ തന്നെ പ്രവർത്തന പദ്ധതികളിൽ ട്രൈ-സർവീസ് ആവശ്യകതകൾ ഉൾപ്പെടുത്താൻ ശ്രമമുണ്ട്. ആയുധസംഭരണത്തിനും കൈമാറ്റത്തിനും പൊതുവായ വിതരണശൃംഖല, സംവിധാനങ്ങളുടെ ഏകീകരണം, മറ്റ് സേനകളിൽ പരിചയം ഉറപ്പാക്കാൻ മൂന്ന് സേനകളിലുമുള്ളവരെ പരസ്പരം മാറ്റിനിയമിക്കൽ, സേനാംഗങ്ങൾക്കിടയിലെ സാമൂഹികവിനിമയം ശക്തിപ്പെടുത്തൽ എന്നിവയും കൊൽക്കത്തയിൽ നടന്ന സംയുക്ത കമാൻഡർമാരുടെ സമ്മേളനം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്.
ഒരു ഏകീകൃത കമാൻഡ് സംവിധാനത്തിനുകീഴിൽ കര, വ്യോമ, നാവിക സേനകൾ സംയോജിച്ച് പ്രവർത്തിക്കുന്നതാണ് തിയേറ്റർ കമാൻഡിലൂടെ ലക്ഷ്യമിടുന്നത്. സംയുക്ത തിയേറ്റർ കമാൻഡ് നടപ്പാക്കുംമുൻപ്, ഓരോ സേനയുടെയും ശേഷിയും വെല്ലുവിളിയും സംബന്ധിച്ച് ഇതരസേനകളിലുള്ളവർക്കും അവബോധമുണ്ടാക്കാൻ സംവിധാനമൊരുക്കും. എന്നാൽ തിയേറ്റർ കമാൻഡിനുള്ള നീക്കങ്ങൾ ആറുവർഷത്തിലേറെയായി സജീവമാണെങ്കിലും സേനകൾക്കിടയിൽ ഇനിയും അഭിപ്രായ ഐക്യമായിട്ടില്ല. സേനാവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം ചർച്ചചെയ്യുമെന്ന് സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ അടുത്തിടെ വ്യക്തമാക്കി.
ഓരോ കമാൻഡിനും ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശം നൽകി മൂന്ന് സേവനങ്ങളുടെയും വിഭവങ്ങൾ പ്രവർത്തനപരമായ റോളുകൾക്കായി സംയോജിപ്പിക്കാനാണ് തിയേറ്റർ കമാൻഡിലൂടെ നടപ്പാക്കുക. 2023ലെ ഇന്റർ-സർവീസസ് ഓർഗനൈസേഷൻസ് (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ആക്ടിന് കീഴിലുള്ള നിർണായക നിയമങ്ങളോടെയാണ് ഈ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായത്. ഈ വ്യവസ്ഥകൾ ട്രൈ-സർവീസ് സംഘടനകളുടെ (ഭാവിയിലെ തിയേറ്റർ കമാൻഡുകളുടെ) കമാൻഡർമാർക്ക് സൈന്യം, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥരുടെ മേൽ പൂർണ അധികാരം നൽകുന്നതാണ്.
പാകിസ്താനുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലുകളിൽ സേനകളുടെ ഏകോപിത പ്രവർത്തനം ഉറപ്പാക്കിയിരുന്നു. അതേസമയം, 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ വ്യോമസേന അതിന്റെ ദൗത്യം കൃത്യതയോടെ നിർവഹിച്ചു. എന്നാൽ തുടർന്നുള്ള നടപടികൾ – കരസേനാ രൂപീകരണവും അറബിക്കടലിൽ നാവികസേനയുടെ വിന്യാസവും – ഒരു ഏകീകൃത പ്രവർത്തന പദ്ധതിക്ക് കീഴിലായിരുന്നില്ല, മറിച്ച് സമാന്തരമായാണ് കൈകാര്യം ചെയ്യപ്പെട്ടത്. മൂന്ന് സേനകളും ഒരേ സമയം നീങ്ങിയെങ്കിലും ഒരൊറ്റ മുഷ്ടി പോലെ നീങ്ങിയില്ല എന്നും ശത്രുവിന് തിരിച്ചടിയുണ്ടായെങ്കിലും ഏകീകരണം സാധ്യമായില്ലായെന്നും തുടർന്ന് പ്രതിരോധ വൃത്തങ്ങളിൽനിന്നുതന്നെ റിപ്പോർട്ടുകളുണ്ടായി.
നിലവിൽ കരസേനയ്ക്കും വ്യോമസേനയ്ക്കും ഏഴ് കമാൻഡുകൾ വീതവും നാവികസേനയ്ക്ക് മൂന്ന് കമാൻഡുകളുമാണ് ഉള്ളത്. കൂടാതെ, ആൻഡമാൻ നിക്കോബാർ കമാൻഡ്, ഇന്ത്യയുടെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് (SFC) എന്നിങ്ങനെ രണ്ട് ട്രൈ-സർവീസ് കമാൻഡുകളും നിലവിലുണ്ട്. കാർഗിൽ സംഘർഷത്തിനുശേഷം ഉയർന്ന പ്രതിരോധ മാനേജ്മെന്റിനായി സ്ഥാപന ചട്ടക്കൂടിന്റെ ആവശ്യകത നിറവേറ്റുന്നതിനായി സൃഷ്ടിച്ച ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫും (HQIDS) നിലവിലുണ്ട്.
India is moving towards Theatre Commands to unify Army, Navy, and Air Force under a single structure, aiming for better coordination and faster response.
