ഡൽഹിയിൽ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്. ഡൽഹിയുടെ മിക്ക മേഖലകളിലും വായു മലിനീകരണത്തോത് ഏറ്റവും മോശം അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തിൽ റെഡ് സോണിൽ തുടരുകയാണ്.

ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരമമായതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഈ നിർദേശങ്ങൾ പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾക്കിടയിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നെന്നും കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയെന്നുമാണ് വിമർശനം. എന്നാൽ പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ അനിയന്ത്രിതമായ തോതിൽ വൈക്കോൽ കത്തിക്കുന്നതും (Stubble Burning), വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയുമാണ് മലിനീകരണ തോത് വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് പിടിഐ അടക്കമുള്ള ഏജൻസികൾ വിലയിരുത്തുന്നു.
അതേസമയം, വായുമനിലീകരണം രൂക്ഷമായ സാഹചര്യത്തിൽ ക്ലൗഡ് സീഡിംഗ് പദ്ധതിയിലൂടെ കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ.
delhi’s air pollution reaches critical levels, with most areas in the red zone. the government plans cloud seeding to bring down the hazardous air quality.