21-ആം നൂറ്റാണ്ടിൽ ഇന്ത്യയുടെ സമുദ്രമേഖല അതിവേഗത്തിലും ഉത്സാഹത്തോടെയും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 2025 വർഷം ഈ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് മികച്ച നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ ഡീപ്പ്-വാട്ടർ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്റ് ഹബ് ആയ വിഴിഞ്ഞം തുറമുഖം ഇപ്പോൾ പൂർണ്ണമായി പ്രവർത്തനക്ഷമമായതായും, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ അടുത്തിടെ ഇവിടെ എത്തിയതും എല്ലാ ഇന്ത്യൻ പൗരന്മാർക്കും അഭിമാന നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈയില് നടന്ന India Maritime Week 2025–ലെ മാറിടൈം ലീഡേഴ്സ് കോണ്ക്ളേവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2024–25-ൽ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ എക്കാലത്തെയും ഉയർന്ന ചരക്കുനീക്കം കൈകാര്യം ചെയ്തുകൊണ്ട് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.ആദ്യമായി ഒരു ഇന്ത്യൻ തുറമുഖം മെഗാവാട്ട് തലത്തിലുള്ള തദ്ദേശീയമായ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിന് തുടക്കം കുറിച്ചു. കാണ്ഡ്ലാ തുറമുഖത്തിനാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്.

ജെഎൻപിടി-യിൽ (JNPT) മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. ഭാരത് മുംബൈ കണ്ടെയ്നർ ടെർമിനലിന്റെ രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിച്ചു. ഇത് ടെർമിനലിന്റെ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയാക്കുകയും, ഇതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായി മാറുകയും ചെയ്തു. ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം (FDI) കാരണമാണ് ഇത് സാധ്യമായതെന്നും, ഈ സംഭാവനകൾക്ക് സിംഗപ്പൂരിലെ പങ്കാളികളോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയിലെ കപ്പല് മേഖലയിൽ നിക്ഷേപിച്ച് വളരാനുള്ള ഉത്തമസമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം, സമുദ്രമേഖലയിലെ പരിഷ്കാരങ്ങളിലേക്ക് ഇന്ത്യ സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തി.”നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയൽ കാലത്തെ കപ്പൽ നിയമങ്ങൾ മാറ്റി, 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ആധുനികവും ഭാവി മുന്നിൽ കണ്ടുള്ളതുമായ നിയമനിർമ്മാണം കൊണ്ടുവന്നു.
ഈ പുതിയ നിയമങ്ങൾ സംസ്ഥാന മാരിടൈം ബോർഡുകൾക്ക് (State Maritime Boards) കൂടുതൽ അധികാരം നൽകുമെന്നും, സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുമെന്നും, തുറമുഖ മാനേജ്മെന്റിൽ ഡിജിറ്റൈസേഷൻ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിപുലമായ തീരദേശത്തുടനീളം സന്തുലിതമായ വികസനം ഈ നിയമം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏകീകരിക്കുകയും രേഖാപരമായ ആവശ്യകതകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രം, ഒരു തുറമുഖ പ്രക്രിയയെ (One Nation, One Port Process) എടുത്തു കാണിച്ചുകൊണ്ട്, ഷിപ്പിംഗ് മേഖലയിലെ ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ഒരു ദശാബ്ദക്കാലത്തെ പരിഷ്കരണ യാത്രയുടെ തുടർച്ചയാണെന്ന് മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഷിപ്പിംഗ് മേഖലയിൽ ഏർപ്പെടുന്നതിനും വിപുലീകരിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ നിക്ഷേപകർ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
കഴിഞ്ഞ പത്ത് പതിനൊന്ന് വർഷങ്ങളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട്, ഇന്ത്യയുടെ സമുദ്രമേഖലയിലെ ഈ മാറ്റം ചരിത്രപരമാണ് എന്ന് അദ്ദേഹം കുറിച്ചു. മാരിടൈം ഇന്ത്യ വിഷൻ (Maritime India Vision) പദ്ധതിയുടെ കീഴിൽ 150-ൽ അധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായി പ്രധാന തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയാകുകയും, ചരക്കുനീക്കത്തിനുള്ള സമയനഷ്ടം കാര്യമായി കുറയുകയും, ക്രൂയിസ് ടൂറിസത്തിന് ഒരു പുതിയ ഉണർവ് ലഭിക്കുകയും ചെയ്തു.
ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം 700 ശതമാനത്തിലധികം വർദ്ധിച്ചുവെന്നും, പ്രവർത്തനക്ഷമമായ ജലപാതകളുടെ എണ്ണം മൂന്നിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ തുറമുഖങ്ങളുടെ അറ്റ വാർഷിക മിച്ചം (net annual surplus) ഒൻപതിരട്ടിയായി വർദ്ധിച്ചു എന്നും അദ്ദേഹം പ്രസ്താവിച്ചു.
ഗ്ലോബൽ സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകോത്തര നിലവാരമുള്ള മെഗാ തുറമുഖങ്ങൾ നിർമ്മിക്കുന്നതിൽ രാജ്യം സജീവമായി പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു.
ഇതിന്റെ ഭാഗമായി, മഹാരാഷ്ട്രയിലെ വധവാനിൽ 76,000 കോടി രൂപ ചെലവിൽ ഒരു പുതിയ തുറമുഖം നിർമ്മിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, പ്രധാന തുറമുഖങ്ങളുടെ ശേഷി നാലിരട്ടിയാക്കാനും കണ്ടെയ്നർ ചരക്കിലെ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കാനും രാജ്യം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കെടുത്ത എല്ലാവരും പ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറയുകയും അവരുടെ ആശയങ്ങൾ, നവീകരണങ്ങൾ, നിക്ഷേപങ്ങൾ എന്നിവയെ സ്വാഗതം ചെയ്യുകയും ചെയ്തു.
തുറമുഖങ്ങളിലും ഷിപ്പിംഗിലും 100 ശതമാനം വിദേശ നിക്ഷേപം (FDI) ഇന്ത്യ അനുവദിക്കുന്നുണ്ടെന്നും, പൊതു-സ്വകാര്യ പങ്കാളിത്തം അതിവേഗം വികസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് (Make In India, Make For The World) എന്ന കാഴ്ചപ്പാടിന് കീഴിൽ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നും, നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മാരിടൈം വീക്ക് 2025-ന്റെ ഭാഗമായി ഗ്ലോബൽ മാരിടൈം സിഇഒ ഫോറം, ആഗോള സമുദ്രോത്പാദന കമ്പനികളുടെ സിഇഒമാർ, പ്രധാന നിക്ഷേപകർ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.മാരിടൈം ഭാവി ചർച്ച ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Uniting Oceans, One Maritime Vision എന്ന പ്രമേയത്തിൽ 2025 ഒക്ടോബർ 27 മുതൽ 31 വരെയാണ് IMW 2025 സംഘടിപ്പിക്കുന്നത്.
85-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം IMW 2025-ൽ ഉണ്ട്. 1,00,000-ത്തിലധികം പ്രതിനിധികൾ, 500-ൽ അധികം എക്സിബിറ്റേഴ്സ്, 350-ൽ അധികം അന്താരാഷ്ട്ര പ്രഭാഷകർ എന്നിവരാണ് പരിപാടിയുടെ ഭാഗമാകുന്നത്.
pm modi at india maritime week 2025: vizhinjam port fully operational, kandla’s green hydrogen plant, jnpt expansion, and new vadhvan port worth rs 76,000 cr announced.
