ഇന്ത്യയുമായി കപ്പൽ നിർമാണ സഹകരണത്തിന് നിർദേശം നൽകി റഷ്യ. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ, സഹായ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ആയ സംരംഭങ്ങൾ ഉൾപ്പെടെയാണിത്. ഇന്തോ-പസഫിക് മേഖലയിലുടനീളം സമുദ്രമേഖല പങ്കാളിത്തം വിശാലമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്രൂ പരിശീലനവും ആഴക്കടൽ ഗവേഷണവും ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. കണക്റ്റിവിറ്റി, നൈപുണ്യ വികസനം, കപ്പൽ നിർമാണം, ബ്ലൂ എക്കണോമി സമ്പദ്വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ഫലപ്രദമായ ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും.
ചെന്നൈയിലും മുംബൈയിലും കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച നടത്തും. മുംബൈ, ചെന്നൈ പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിൽ റഷ്യൻ പങ്കാളിത്തത്തോടെ കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുന്നുണ്ട്.
നേരത്തെ, കപ്പൽ നിർമാണം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ലോജിസ്റ്റിക്സ് എന്നിവയിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിലിയൻ സമുദ്ര മേഖലയിലെ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ഉൾപ്പെടെ കപ്പൽ നിർമാണത്തിൽ ഇന്ത്യയ്ക്ക് സംരംഭങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് റഷ്യ അറിയിച്ചിരുന്നു.
Russia has proposed wide-ranging cooperation with India in shipbuilding, including new designs for fishing and passenger vessels, and setting up ship repair clusters in Mumbai and Chennai.
