വന്ദേ ഭാരത് ട്രെയിനിലൂടെയാണ് ഇന്ത്യയുടെ അതിവേഗ–പ്രീമിയം ട്രെയിനുകളുടെ ആരംഭമെന്ന് ചിലരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ട്. എന്നാൽ ചരിത്രം അറിയുന്നവർ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് തിരുത്തും. 1969ൽത്തന്നെ ഇന്ത്യയ്ക്ക് രാജധാനി എക്സ്പ്രസ് പോലുള്ള അതിവേഗ, ആധുനിക, പൂർണ എസി ട്രെയിനുകൾ ഉണ്ടായിരുന്നു. തുടർന്ന് 1988ൽ ശതാബ്ദിയും, 2009ൽ ദുരന്തോയുമെല്ലാം ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സേവനങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ചു, ചിലരത് മറന്നെങ്കിലും. വന്ദേ ഭാരത് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമിച്ച സെമി–ഹൈസ്പീഡ് ട്രെയിനാണെങ്കിലും, അതിവേഗ യാത്രയുടെ പാത തുറന്നത് രാജധാനിയും ശതാബ്ദിയും തന്നെയായിരുന്നു.
വേഗത, ആഢംബരം, സുഖസൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ട്രെയിനാണ് രാജധാനി എക്സ്പ്രസ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ഇന്ത്യൻ റെയിൽവേയുടെ രാജാവ് എന്നാണ് ട്രെയിൻ അറിയപ്പെടുന്നത്. ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളുമായി ട്രെയിൻ ബന്ധിപ്പിക്കുന്നു. “രാജധാനി” എന്ന വാക്കിന്റെ അർത്ഥം തലസ്ഥാന നഗരം എന്നാണ്. റെയിൽവേ യാത്രയിൽ ഇന്ത്യയുടെ അഭിമാനത്തെ പ്രതിനിധീകരിക്കുന്ന ഈ ട്രെയിൻ സമയനിഷ്ഠ, ഗുണനിലവാരമുള്ള സേവനം, ഗംഭീര യാത്രാനുഭവം എന്നിവയ്ക്കു പേരുകേട്ടതാണ്.
സുഖസൗകര്യങ്ങൾക്കും ആതിഥ്യമര്യാദയ്ക്കും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1969 മാർച്ച് 3നാണ് ആദ്യത്തെ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ന്യൂഡൽഹിയെ ഹൗറ (കൊൽക്കത്ത) യുമായി ബന്ധിപ്പിക്കുന്നതായിരുന്നു ആദ്യ സർവീസ്. ഈ ട്രെയിനിന്റെ വിജയം ഇന്ത്യൻ റെയിൽവേയെ കൂടുതൽ രാജധാനി റൂട്ടുകൾ ആരംഭിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് തലസ്ഥാന നഗരത്തെ മുംബൈ, ചെന്നൈ, ബെംഗളൂരു, ഗുവാഹത്തി തുടങ്ങിയ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾ വന്നു.
ഹൗറ – ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, മുംബൈ സെൻട്രൽ–ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ്, ബെംഗളൂരു–ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ്, ചെന്നൈ–ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ്, ഗുവാഹത്തി–ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് തുടങ്ങിയവയാണ് ഇന്ത്യയിലെ മികച്ച രാജധാനി എക്സ്പ്രസ് ട്രെയിനുകളായി അറിയപ്പെടുന്നത്. ഇന്നും രാജധാനി എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യയുടെ വളർച്ചയുടെയും വേഗതയുടെയും ആധുനികവൽക്കരണത്തിന്റെയും പ്രതീകമായി തുടരുന്നു.
Discover the Rajdhani Express, the ‘King of Indian Railways,’ known for its speed and luxury since 1969, connecting New Delhi to state capitals.
