അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകൾക്കൊടുവിൽ സൗദി അറേബ്യ കഴിഞ്ഞവർഷം മദ്യ വിൽപനശാല തുറന്നിരുന്നു. ഇപ്പോൾ സൗദി ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം മദ്യ സ്റ്റോർ തുറന്നത് റിയാദിലായിരുന്നു. ഇനി ജിദ്ദയിലും ദമാമിലും ഇത്തരത്തിൽ സൗദി മദ്യശാലകൾ തുറക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിഷയത്തിൽ സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

മദ്യശാല തുറക്കുമെങ്കിലും സൗദിയിൽ എല്ലാവർക്കും ഇവ വാങ്ങാനാവില്ല. അമുസ്ലിംങ്ങളായ വിദേശ പൗരന്മാർക്ക് മാത്രമാകും അനുമതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എണ്ണ ഇതര സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായുള്ള സാമ്പത്തിക പരിഷ്കാര നടപടികളിലൊന്നാണിതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘വിഷൻ 2030’ മാസ്റ്റർ പ്ലാനുമായാണ് സൗദി സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നത്. ഇതിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 1952 വരെ സൗദി അറേബ്യയിൽ മദ്യം ലഭിച്ചിരുന്നു. പിന്നീടാണ് വിലക്ക് ഏർപ്പെടുത്തിയത്.
Saudi Arabia plans to open more liquor stores in Jeddah and Dammam for non-Muslim expatriates, following the Riyadh pilot. Part of MBS’s Vision 2030 economic diversification plan.
