ഇന്ത്യൻ സായുധസേനയിലേക്ക് ഏറ്റവും കൂടുതൽ പേരെ അയയ്ക്കുന്ന ഗ്രാമം എന്ന നിലയിൽ പ്രസിദ്ധമാണ് ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലെ ഘാസിപൂരിൽ സ്ഥിതിചെയ്യുന്ന ഗഹ്മർ എന്ന ഗ്രാമം. ഇന്ത്യയുടെ സൈനിക ഗ്രാമം എന്നറിയപ്പെടുന്ന ഗഹ്മറിലെ ഓരോ വീട്ടിൽ നിന്നും ഒരാളെങ്കിലും സേനയുടെ ഭാഗമാണ്.
ദേശീയമാധ്യമങ്ങളുടെ കണക്ക് പ്രകാരം ഇന്ത്യൻ ആർമി, അർദ്ധസൈനിക സേനകൾ, മറ്റ് യൂണിഫോം സർവീസുകൾ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളതോ നിലവിൽ സേവനമനുഷ്ഠിക്കുന്നതോ ആയ 5000ത്തിലധികം പേരാണ് ഗഹ്മറിലുള്ളത്. ഇത് ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിൽ നിന്നും സൈന്യത്തിൽ ഉള്ളവരിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതൽത്തന്നെ ഗഹ്മറിലെ പല കുടുംബങ്ങളിലും സൈനിക പാരമ്പര്യമുണ്ട്.

സൈനിക സംസ്കാരം ദൈനംദിന ജീവിതത്തിൽ സുഗമമായി ഇഴുകിചേർന്നിരിക്കുന്നു എന്നതാണ് ഗഹ്മറിന്റെ ഏറ്റവും വലിയ സവിശേഷത. അതിരാവിലെയുള്ള ഫിറ്റ്നസ് പരിശീലനങ്ങൾ മുതൽ സമൂഹ ഒത്തുചേരലുകളിൽ വരെ ഇത് പ്രകടമാണ്. വിരമിച്ച സൈനികർ യുവാക്കൾക്കും കൗമാരക്കാർക്കും അച്ചടക്കം, ശാരീരിക ക്ഷമത, പ്രതിരോധ പരീക്ഷകൾ വിജയിക്കാൻ ആവശ്യമായ ധൈര്യം എന്നിവയെക്കുറിച്ച് പരിശീലനം നൽകുന്നു. ചെറിയ ക്ലാസുകളിൽ പോലും വിദ്യാർത്ഥികളെ അടിസ്ഥാന വ്യായാമങ്ങൾ നേരത്തെ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ഈ ശീലം സ്വാഭാവികമായും യുവാക്കളെ സേനയിലേക്ക് വഴിതിരിച്ചുവിടുന്നു.
പല കുടുംബങ്ങൾക്കും, ഒരു മകനെയെങ്കിലും സൈന്യത്തിലേക്ക് അയയ്ക്കുന്നത് ബഹുമതിയും വൈകാരികമായ നാഴികക്കല്ലുമാണ്. പരിമിതമായ തൊഴിലവസരങ്ങളുള്ള മേഖലയിൽ പ്രതിരോധ ജോലികൾ സ്ഥിരത കൊണ്ടുവരുന്നു. എന്നാൽ പലപ്പോഴും ഇവരുടെ പ്രചോദനം ഉപജീവനമാർഗം എന്നതിന് അപ്പുറത്തേക്ക് നീളുന്നു. പാരമ്പര്യം, ഐഡന്റിറ്റി എന്നിവ മുൻനിർത്തിയാണ് ഗ്രാമത്തിലെ യുവാക്കൾ ഇന്നും സൈന്യത്തിലേക്ക് നീങ്ങുന്നത്.
Gahmar in Ghazipur, UP, is famously known as the ‘Soldier Village of India,’ renowned for sending the highest number of personnel—over 5,000—to the Indian Armed Forces, often having at least one soldier from every household.
