സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ പ്രതിമാസ താരിഫ് 8,600 രൂപയും ഉപകരണങ്ങളുടെ വില 34000 രൂപയുമാണെന്ന് കാണിച്ചിരുന്നു. ഇത് കോൺഫിഗറേഷൻ തകരാർ കാരണം ദൃശ്യമായതാണെന്നും കൃത്യമായ ഡാറ്റയല്ലെന്നും കമ്പനി വ്യക്തമാക്കി.

സ്റ്റാർലിങ്ക് വെബ്സൈറ്റിൽ നിരക്കുകൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റ് ലൈവല്ലായെന്നും നിരക്കുകൾ പ്ലെയ്സ്ഹോൾഡറുകൾ മാത്രമായിരുന്നെന്നും കോൺഫിഗറേഷൻ തകരാർ കാരണം അവ അബദ്ധത്തിൽ ലൈവ് ചെയ്യപ്പെട്ടതാണെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള സേവന നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഓർഡറുകൾ എടുക്കുന്നുമില്ല. ഡമ്മി ടെസ്റ്റ് ഡാറ്റ ദൃശ്യമാകുന്ന കോൺഫിഗറേഷൻ തകരാർ കാരണമാണ് കഴിഞ്ഞ ദിവസം പ്രതിമാസ താരിഫ് നിരക്കും ഉപകരണങ്ങളുടെ വിലയും തെറ്റായി കാണിച്ചത്-അദ്ദേഹം പറഞ്ഞു. അന്തിമ സർക്കാർ അംഗീകാരം നേടുന്നതിനായി പ്രവർത്തിക്കുകയാണെന്നും അതിനുശേഷം മാത്രമേ ഇന്ത്യയിലെ സേവന നിരക്കുകൾ പ്രഖ്യാപിക്കുകയുള്ളൂവെന്നും ലോറൻ ഡ്രെയർ കൂട്ടിച്ചേർത്തു.
Starlink confirms that the recent display of tariffs (₹8,600 monthly, ₹34,000 hardware) on its India website was due to a configuration error and not the final pricing, as the company awaits final government approval.
