കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെ 35 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 ആയിരം രൂപ വീതം എന്നത് യാഥാർഥ്യമാകുന്നു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അർഹരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. കെ സ്മാർട്ട് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് .

കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെയാണ് ആയിരം രൂപ വീതം പ്രതിമാസം ലഭിക്കുക. അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഇതിനായി പഞ്ചായത്തില്‍ നേരിട്ടു ചെന്നും, തദ്ദേശ വാർഡ് അംഗങ്ങളെ സമീപിച്ചും സഹായം തേടാം.
ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല?
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകള്‍ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകള്‍, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കല്‍ ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്‌എസ്‌സി കോഡ്, ആധാർ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.
Kerala Govt launches ‘Stree Suraksha Padhathi’ offering ₹1000 monthly to eligible women aged 35-60. Learn about eligibility, documents, and how to apply via K-Smart