വെണ്ണയുടെയോ പാലിന്റെയോ വെറുമൊരു ബ്രാൻഡ് മാത്രമല്ല അമൂൽ, ദശലക്ഷക്കണക്കിന് ചെറുകമ്പനികൾ ഒന്നിച്ചുചേർന്ന് ഭീമന്മാരെ നേരിട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ പ്രതീകമാണ്. ഇപ്പോൾ, ഭാരത് ടാക്സി എന്ന സർക്കാർ പിന്തുണയോടെ രൂപമെടുത്ത റൈഡ്-ഹെയ്‌ലിംഗ് മൊബിലിറ്റി കമ്പനി ഡ്രൈവർമാർക്ക് പൂർണ അധികാരം നൽകിക്കൊണ്ട് റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളുടെ അമൂലായി മാറാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 1ന് രാജ്യത്ത് സേവനം ആരംഭിക്കുന്ന ഭാരത് ടാക്സി, രാജ്യത്തുടനീളം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഇതിനകം തന്നെ ഡ്രൈവർമാരെ ഒരുക്കിയിട്ടുണ്ട്. ക്ഷീര ഭീമനായ അമൂലിനെപ്പോലെ, ഭാരത് ടാക്സിയും വിജയത്തിനായി സഹകരണ മാതൃകയെ ആശ്രയിക്കുമെന്നതാണ് സവിശേഷത.
ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് വെല്ലുവിളിയുമായാണ് ഭാരത് ടാക്‌സി എത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ ഭാരത് ടാക്സി സംബന്ധിച്ച പ്രഖ്യാപനം ലോക്‌സഭയിൽ അറിയിച്ചിരുന്നു. സ്വകാര്യ ഓൺലൈൻ ടാക്‌സികൾ ഉപയോക്താക്കളേയും ഡ്രൈവർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്തുണയോടെയുള്ള ടാക്‌സികൾ അവതരിപ്പിക്കുന്നത്. പൂർണമായും ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള സഹകരണ റൈഡ്-ഹെയ്ലിംഗ് സംരംഭമായാണ് ഭാരത് ടാക്സിയെ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ഇ-ഗവേർണൻസ് ഡിവിഷന്റെയും കീഴിലാണ് പ്രവർത്തനം.
യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കുകളാണ് ഭാരത് ടാക്സിയുടെ മറ്റൊരു സവിശേഷത. ഓരോ റൈഡിൽ നിന്നുള്ള മുഴുവൻ വരുമാനവും ഡ്രൈവർമാർക്ക് ലഭിക്കുകയും ചെയ്യും. സഹകർ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഭാരത് ടാക്‌സി ആപ്പ് പ്രവർത്തിപ്പിക്കുക. നവംബർ വരെയുള്ള കണക്കുകൾ പ്രകാരം അൻപതിനായിരത്തിലധികം ഡ്രൈവർമാരാണ് ഇതിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ, റിക്ഷകൾ, ടാക്‌സികൾ, ഫോർ വീലറുകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
Bharat Taxi aims to disrupt Uber and Ola with an Amul-style cooperative model. Launching Jan 1, 2026, it offers zero commission and 100% earnings for drivers.
