നഗര ഭരണരംഗത്ത് ദീർഘാനുഭവമുള്ള നേതാവാണ് കൊച്ചിയുടെ പുതിയ മേയറായി ചുമതലയേറ്റ വി.കെ. മിനിമോൾ. 2010 മുതൽ മൂന്ന് തവണ കോർപറേഷൻ അംഗമായിരുന്ന മിനിമോൾ ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്സൺ പദവികൾ വഹിച്ചിട്ടുണ്ട്.
കൊച്ചിക്കായി തനിക്കുള്ള ദർശനവും മുൻഗണനകളും യുഡിഎഫിന്റെ വിപുലമായ അജണ്ടയുമായി യോജിക്കുന്നതായിരിക്കുമെന്ന് മിനിമോൾ പറഞ്ഞു. അടുത്ത മാസങ്ങളിൽ പുതിയ ഭരണസമിതി അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
കൊച്ചി അതിവേഗം മെട്രോപൊളിറ്റൻ നഗരമായി വളരുകയാണ്. അതിനനുസരിച്ചുള്ള ബഹുമുഖ സമീപനമാണ് ആവശ്യമെന്ന് കൊച്ചിക്കുള്ള അടിയന്തര മുൻഗണനകളെക്കുറിച്ച് സംസാരിക്കവേ മേയർ പറഞ്ഞു. നഗരത്തിനായി സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുകയാണ് ഇതിൽ പ്രധാനം. ചെറിയ വെള്ളക്കെട്ടുണ്ടായാൽ പോലും നഗരം സ്തംഭിച്ചുപോകുന്ന അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം കുറച്ചുകൊണ്ട് ഗതാഗതം മെച്ചപ്പെടുത്താൻ വലിയ സാധ്യത കൊച്ചിക്കുണ്ട്. എന്നാൽ അതിനായി പൊതുഗതാഗതം ശക്തിപ്പെടുത്തണം. ആസൂത്രിതമായ ബസ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുകയും സർക്കാരുമായി അടുത്ത സഹകരണം ഉറപ്പാക്കുകയും വേണം. ജലഗതാഗതത്തിന്റെ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതാണ് മൊബിലിറ്റി പ്ലാനിന്റെ പ്രധാന ലക്ഷ്യമെന്ന് മേയർ വിശദീകരിച്ചു.
അർബൻ പോളിസി, വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം, മാലിന്യസംസ്കരണം, തെരുവുനായ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ പ്രധാന മുൻഗണനകളിൽ ഉൾപ്പെടും. കനാൽ പുനരുദ്ധാരണം, ഡ്രഡ്ജിങ് വിഷയങ്ങൾ പോലുള്ളവയിലും മേയർ നിലപാട് വ്യക്തമാക്കി. കനാൽ പുനരുദ്ധാരണ പദ്ധതിയുടെയും ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട ഫയലുകളുടെയും വിശദാംശങ്ങൾ തേടിയതായും, അവ പരിശോധിച്ച് കൃത്യമായ നടപടികൾ കൗക്കൊള്ളുമെന്നും അവർ വ്യക്തമാക്കി. മാലിന്യസംസ്കരണം മെച്ചപ്പെട്ടതായി മുൻ ഭരണസമിതി അവകാശപ്പെട്ടിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന കംപ്രെസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് സന്ദർശിച്ച് പരിശോധന നടത്തിയതിന് ശേഷം വിശദമായ വിവരങ്ങൾ നൽകുമെന്നും മേയർ അറിയിച്ചു.
എൽഡിഎഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നതായും, ഇതിനെ എങ്ങനെ നേരിടുമെന്നുമുള്ള ചോദ്യത്തിന്
അഴിമതിക്കെതിരായ പോരാട്ടം ഈ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നാണ് മേയർ മറുപടി നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡെപ്യൂട്ടി മേയറിനോടൊപ്പം വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു. അഴിമതിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സന്ദേശം നൽകി. ഈ നിലപാട് അടിത്തട്ടിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളും നൽകിയിട്ടുണ്ട്.
New Kochi Mayor V.K. Minimol reveals her priorities, including a Comprehensive Mobility Plan, waterlogging solutions, waste management, and a crackdown on corruption.
