ആധുനിക യുദ്ധരംഗത്ത് രാജ്യങ്ങളുടെ സൈനിക ശക്തി നിർണയിക്കുന്ന പ്രധാന ഘടകമായി മിസൈൽ സാങ്കേതികവിദ്യ മാറിയിരിക്കുകയാണ്. ആണവായുധ വഹിക്കാനുള്ള ശേഷിയും ഹൈപ്പർസോണിക് വേഗതയും ഉൾപ്പെടെയുള്ള സവിശേഷതകൾ മിസൈലുകളെ ശക്തമായ ആയുധങ്ങളാക്കുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഈ രംഗത്ത് ദീർഘകാലമായി മുൻപന്തിയിലാണെങ്കിലും, ഇന്ത്യ, ഉത്തര കൊറിയ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളും അതിവേഗ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം കൈവശമുള്ള റഷ്യ, ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിൽ മുന്നിൽ നിൽക്കുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ‘അവൻഗാർഡ്’ (Avangard) ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനം മാക് 27 വരെ വേഗത കൈവരിക്കാൻ പര്യാപ്തമാണ്. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ തടയിടുക ഏറെ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ. അതേസമയം, അമേരിക്ക ഏറ്റവും കൃത്യതയുള്ള പരമ്പരാഗത മിസൈൽ ശേഖരമാണ് കൈവശം വെക്കുന്നത്. ടോമഹാക് ക്രൂയിസ് മിസൈൽ പോലുള്ള ആയുധങ്ങൾക്ക് പുറമേ, 2,700 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങൾ അതിവേഗവും കൃത്യവുമായ ആക്രമണം നടത്താൻ കഴിയുന്ന ‘ലോങ്-റേഞ്ച് ഹൈപ്പർസോണിക് വെപ്പൺ’ (LRHW) യുഎസ് വിന്യസിച്ചുവരികയാണ്.
ചൈന സമുദ്രപ്രദേശങ്ങളിലെ നിയന്ത്രണം ഉറപ്പാക്കുന്നതിന് ‘ക്യാരിയർ കില്ലർ’ എന്നറിയപ്പെടുന്ന മിസൈലുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയാകട്ടെ, 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-5 (Agni-V) ബാലിസ്റ്റിക് മിസൈലിലൂടെ തന്ത്രപ്രധാന തടയിടൽ ശേഷി ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഡിആർഡിഒ വികസിപ്പിച്ച ഈ മിസൈൽ ഇന്ത്യയെ ലോകത്തിലെ പ്രമുഖ മിസൈൽ ശക്തികളിലൊന്നായി ഉയർത്തിയതായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ഉത്തര കൊറിയയും അന്തർഖണ്ഡ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ‘ഹ്വാസോങ്-18’ പോലുള്ള ഘന ഇന്ധന മിസൈലുകൾക്ക് 15,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടെന്നും, ആണവ വാറ്ഹെഡുകളോടെ യുഎസ് ഭൂഖണ്ഡമൊട്ടാകെ ലക്ഷ്യമിടാൻ കഴിയുമെന്നും ഉത്തര കൊറിയൻ അവകാശപ്പെടുന്നു. യൂറോപ്പിൽ, ഫ്രാൻസ് സമുദ്രാധിഷ്ഠിത ആണവ തടയിടൽ സംവിധാനത്തിലാണ് കൂടുതൽ ആശ്രയിക്കുന്നത്. ട്രിയംഫാൻറ് ക്ലാസ് ആണവ അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന എം51 ബാലിസ്റ്റിക് മിസൈലിന്റെ എം51.3 അപ്ഗ്രേഡ് പതിപ്പ് കൂടുതൽ ദൂരപരിധിയും കൃത്യതയും നൽകുന്നതായി ഫ്രഞ്ച് സായുധസേന മന്ത്രാലയം വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റിൽ, ഇസ്രായേൽ ആക്രമണാത്മകവും പ്രതിരോധാത്മകവുമായ മിസൈൽ സാങ്കേതികവിദ്യയിൽ മുൻനിരയിലാണ്. 4,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതായി റിപ്പോർട്ടുകളുള്ള ‘ജെറിക്കോ-3’ ബാലിസ്റ്റിക് മിസൈലിനൊപ്പം, ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുതന്നെ ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ തടയിടാൻ കഴിയുന്ന ‘ആറോ-3’ (Arrow-3) പ്രതിരോധ സംവിധാനം ഇസ്രായേൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ ആഗോള സൈനിക ശക്തിസമത്വത്തെ നിർണായകമായി സ്വാധീനിക്കുന്നതായാണ് വിലയിരുത്തൽ.