കൃത്രിമബുദ്ധി (AI) ഡാറ്റാ സെന്റർ മേഖലയിൽ ടാറ്റ, അദാനി, റിലയൻസ് ഗ്രൂപ്പുകളെ നേരിടാൻ കമ്പനിയുടെ ആഭ്യന്തര വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്–നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (L&T). ഇതുമായി ബന്ധപ്പെട്ട് 1 ബില്യൺ ഡോളറോളമാണ് കമ്പനി ചിലവഴിക്കുക. ഭൂമി, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, സെർവറുകൾ എന്നിവ സ്വന്തമായി കൈവശം വെച്ചുള്ള എൻഡ്-ടു-എൻഡ് ഉടമസ്ഥാവകാശം ചിലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എൽ ആൻഡ് ടി കോർപറേറ്റ് സെന്റർ മേധാവി പ്രശാന്ത് ജെയിനിനെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ ക്ലയന്റ്സിന് ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ ഡാറ്റാ സെന്റർ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്രിമബുദ്ധിയിലേക്കുള്ള ആഗോള മുന്നേറ്റത്തിനൊപ്പം ഡാറ്റാ സെന്ററുകളുടെ ആവശ്യം വേഗത്തിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിൽ ഗ്രൂപ്പിന്റെ ഇൻഹൗസ് ശക്തി സുപ്രധാനമാകും. നിലവിൽ 32 മെഗാവാട്ട് ഡാറ്റാ സെന്റർ ശേഷിയുള്ള എൽ ആൻഡ് ടി, 2030ഓടെ ഇത് 200 മെഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 40 മെഗാവാട്ട് ശേഷിയുള്ള പുതിയ ഡാറ്റാ സെന്ററിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. എഐ ഡാറ്റാ സെന്റർ വിപണിയിലെ മത്സരം ശക്തമാകുന്നതിനിടെ, ചിലവുകുറഞ്ഞ സേവനങ്ങളിലൂടെ മുൻതൂക്കം നേടാനാണ് എൽ ആൻഡ് ടിയുടെ ദീർഘകാല ലക്ഷ്യം-അദ്ദേഹം വ്യക്തമാക്കി.
L&T enters the AI data center race with a $1 billion investment to challenge Tata, Adani, and Reliance. The company aims to scale its capacity to 200MW by 2030, starting with a new 40MW facility in Navi Mumbai.