സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവെക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും. കരാറിനായി ഇരുപക്ഷവും സമ്മതിച്ചതായി യൂറോപ്യൻ യൂണിയനിലെ ഉന്നത റാങ്കിലുള്ള നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ഈ പങ്കാളിത്തത്തിൽ ഒപ്പുവെയ്ക്കും. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും അന്തിമ ഘട്ടത്തിലാണെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ അവർ പറഞ്ഞു.

ഉർസുല വോൺ ഡെർ ലെയ്നും അന്റോണിയോ കോസ്റ്റയും 25 മുതൽ 27വരെ ഇന്ത്യയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പിടുക. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന16ആമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാകും പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവച്ചുകൊണ്ട് തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്പിന്റെ സാമ്പത്തിക പ്രതിരോധശേഷിക്ക് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണ്. ഇന്നത്തെ ലോകത്ത് ഒന്നിക്കുന്നത് ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പ്രയോജനപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.
സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, സൈബർ പ്രതിരോധം, സമുദ്ര മേഖല അവബോധം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണത്തിനൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയും പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം വിദ്യാർത്ഥികൾ, സീസണൽ തൊഴിലാളികൾ, ഗവേഷകർ, പ്രൊഫഷണലുകൾ എന്നിവരുടെ യാത്ര സുഗമമാക്കാനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ഒരു സമഗ്ര മൊബിലിറ്റി ചട്ടക്കൂടിനും രൂപം നൽകും.
India and the EU set to sign a landmark security and defence partnership covering maritime security and counter-terrorism during the EU leadership’s visit to India.
