ഇന്ത്യൻ റൈഡ്-ഹെയിലിംഗ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ഗ്രൂപ്പിന്റെ ടാക്സി സർവീസ് വിഭാഗമായ ഗ്രീൻ ആൻഡ് സ്മാർട്ട് മൊബിലിറ്റി (GSM) വഴിയാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം. സർവീസിൽ വിൻഫാസ്റ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് കമ്പനിയുടെ ഏഷ്യ സിഇഒ ഫാം സാൻ ചൗ വ്യക്തമാക്കി. ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്ന VF5 ഇലക്ട്രിക് എസ്യുവിയാണ് റൈഡ്-ഹെയിലിംഗിന്റെ പ്രധാന വാഹനമായി ഉപയോഗിക്കുക. ഇതിന് പുറമേ ഉടൻ വിപണിയിലെത്തുന്ന Limo Green MPVയും സർവീസിന്റെ ഭാഗമാകും.

ഫ്ലീറ്റ് ആവശ്യങ്ങൾക്ക് പൂർണമായി തയ്യാറാക്കിയ പതിപ്പായിരിക്കും ലിമോ ഗ്രീൻ എംപിവി. സ്പീഡ് ലിമിറ്ററുകൾ, കാബിനുള്ളിലെ പാനിക്/ഹെൽപ് ബട്ടണുകൾ തുടങ്ങിയ സംവിധാനങ്ങൾ കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്യും. സ്വകാര്യ ഉപഭോക്താക്കൾക്കായി ‘Green’ സഫിക്സ് ഇല്ലാത്ത വേർഷനും അവതരിപ്പിക്കാനാണ് സാധ്യത. നിലവിൽ വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ വിൻഫാസ്റ്റിന്റെ റൈഡ്-ഹെയിലിംഗ് സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിനകം VF6, VF7 ഇലക്ട്രിക് വാഹനങ്ങൾ വിൽപനയിലുണ്ടെങ്കിലും, തുടക്കത്തിൽ ജിഎസ്എം സർവീസിനായി വിഎഫ്5, ലിമോ ഗ്രീൻ എംപിവി എന്നിവ മാത്രമായിരിക്കും ഉപയോഗിക്കുക.
നാല് ചക്ര വാഹനങ്ങളിലാണ് വിൻഫാസ്റ്റ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും, ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കും കമ്പനി പ്രവേശിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിന് അനുസൃതമായി ഭാവിയിൽ ജിഎസ്എം സർവീസ് ഇരുചക്ര റൈഡ്-ഹെയിലിംഗിലേക്കും വിപുലീകരിക്കാനാകും. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിച്ച വിൻഫാസ്റ്റ്, ഇന്ത്യയിലെ നാലാമത്തെ വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി മാറിയിട്ടുണ്ട്. ഇത് കമ്പനിയുടെ വേഗത്തിലുള്ള വളർച്ചയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
Vietnamese EV giant VinFast is set to enter the Indian ride-hailing market with its ‘Green and Smart Mobility’ (GSM) service, featuring the VF5 electric SUV and Limo Green MPV.
