കേരളത്തിന്റെ വ്യവസായ കുതിപ്പിന് പുതിയ ഉൗർജം പകരാൻ റെയർ എർത്ത് കോറിഡോർ. വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന കോറിഡോറുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട് ചേർന്ന് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക ഭൂപടംതന്നെ കോറിഡോർ മാറ്റിവരയ്‌ക്കുമെന്ന് മന്ത്രി പി. രാജീവ് പറയുന്നു. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിലെ മോണോസൈറ്റിനെ ലോകോത്തര ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. കെഎംഎംഎൽ ശേഖരിച്ച ഒന്നേകാൽ ലക്ഷം ടണ്ണോളം മോണോസൈറ്റിൽനിന്ന് നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കും. ഇതിൽനിന്ന് ഇലക്‌ട്രിക് വാഹനങ്ങൾക്കും കാറ്റാടിയന്ത്രങ്ങൾക്കും ആവശ്യമായ അതിശക്തമായ കാന്തങ്ങൾ നിർമിക്കാനാകും.
ക്ലീൻ എനർജി, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ നിർണായകമായ ഈ ലോഹങ്ങൾക്കായി ലോകം പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ എൻഎഫ്ടിഡിസിയുടെ സാങ്കേതിക സഹായത്തോടെ കെഎംഎംഎല്ലും കെൽട്രോണും ചേർന്ന് റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖംകൂടി യാഥാർഥ്യമായതോടെ ഉത്പന്നങ്ങൾ അനായാസം ആഗോള വിപണിയിലെത്തിക്കാമെന്ന നേട്ടവുമുണ്ട്.
Kerala to launch a ₹42,000 crore Rare Earth Corridor connecting Vizhinjam, Chavara, and Kochi. The project aims to create 50,000 jobs by processing rare minerals for EVs and defense.
