കടബാധ്യതയെത്തുടർന്ന് തിഹാർ ജയിലിൽ കീഴടങ്ങിയ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. അദ്ദേഹത്തിന് 1.11 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസറും ജെം ട്യൂൺസ് മ്യൂസിക് (GemTunes Music) ഉടമയുമായ റാവു ഇന്ദർജീത് സിംഗ് യാദവ്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴിയാണ് ഇന്ദർജീത് സിംഗ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ മേഖല ഒരു കുടുംബമാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകരെ സഹായിക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന രാജ്പാൽ യാദവ് ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി ബാങ്ക് വിവരങ്ങളും ക്യുആർ കോഡും ഇന്ദർജീത് സിംഗ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ താരത്തിന് പരസ്യ പിന്തുണയുമായി നടനും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദ് രംഗത്തെത്തിയിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്പാൽ യാദവിനെ വെറുമൊരു സഹപ്രവർത്തകനായല്ല, മറിച്ച് സിനിമയുടെ അവിഭാജ്യ ഘടകമായാണ് കാണേണ്ടതെന്ന് സോനു സൂദ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. രാജ്പാൽ യാദവിന്റെ തടവുശിക്ഷ സിനിമാ മേഖലയിലുള്ളവർക്ക് ഒരു വലിയ തിരിച്ചറിവാകണം. താരത്തെ സാമ്പത്തികമായി സഹായിക്കുന്നതിനെ ദാനമായി കാണരുതെന്നും തന്റെ പുതിയ സിനിമയിൽ രാജ്പാൽ യാദവിനെ ഉൾപ്പെടുത്തുമെന്നും സോനു സൂദ് കുറിപ്പിൽ വ്യക്തമാക്കി. സോനു സൂദിനു പുറമേ നടൻ ഗുർമീത് ചൗധരിയും ജൻ ശക്തി ജനതാദൾ ദേശീയ അധ്യക്ഷൻ തേജ് പ്രതാപ് യാദവും രാജ്പാൽ യാദവിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സിനിമ മേഖലയിലെ കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് സൂചന.
ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനൊടുവിലാണ് രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയത്. 2010ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം അഞ്ച് കോടി രൂപയുടെ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാത്തതാണ് നിയമപ്രശ്നങ്ങൾക്ക് കാരണമായത്. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങുകയും താരം നൽകിയ ഏഴ് ചെക്കുകൾ മടങ്ങുകയുമായിരുന്നു. തുടർന്ന് 2018ൽ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു.
പലിശയുൾപ്പെടെ കടം ഒമ്പത് കോടിയായി ഉയർന്ന സാഹചര്യത്തിൽ, തിരിച്ചടയ്ക്കാൻ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ ജസ്റ്റിസ് സ്വർണ കാന്ത ശർമ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. അവസാന നിമിഷം 25 ലക്ഷം രൂപയുടെ പുതിയ ചെക്കും തിരിച്ചടവിനുള്ള പുതിയ പ്ലാനും സമർപ്പിച്ച് ഒരാഴ്ചത്തെ സാവകാശം കൂടി തേടിയെങ്കിലും, സെലിബ്രിറ്റി പദവി നിയമത്തിന് മുന്നിൽ ഇളവുകൾക്ക് അർഹമല്ലെന്ന് വ്യക്തമാക്കിയ കോടതി അപേക്ഷ നിരസിച്ചു. ഇതോടെയാണ് 2026 ഫെബ്രുവരി 5ന് അദ്ദേഹം ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനായി ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്
Bollywood actor Rajpal Yadav surrenders at Tihar Jail over an unpaid ₹9 crore debt. Discover how industry figures like Sonu Sood and Rao Inderjeet Singh are stepping up to help the veteran comedian in his time of crisis.
