യൂറോപ്യൻ രാജ്യങ്ങളുടെയും ആഗോള നിക്ഷേപകരുടെയും മൂലധനം ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രധാന വാതിലായി മാറാൻ ലക്ഷ്യമിട്ട് ആഗോളതലത്തിലെ സുപ്രധാന ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്‌സംബർഗ്. ഇന്ത്യയുടെ വളർന്നുവരുന്ന മൂലധന വിപണികളെ മുന്നിൽകണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ലക്‌സംബർഗ് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയുടെ വളർച്ച ലോക നിക്ഷേപകരെ ഏറെ ആകർഷിക്കുന്നതാണെന്ന് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റീസ് മാർക്കറ്റ് കോൺക്ലേവ് 2.0ൽ സംസാരിക്കവേ ലക്‌സംബർഗ് ധനകാര്യ മന്ത്രി ജിൽസ് റോത്ത് പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ നടപ്പായാൽ ബിസിനസുകൾക്ക് കൂടുതൽ വ്യക്തതയും നിക്ഷേപബന്ധങ്ങൾക്ക് കൂടുതൽ സ്ഥിരതയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ പ്രധാന അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്‌സംബർഗ് ഏകദേശം €8 ട്രില്യൺ ആസ്തികൾ നിയന്ത്രിക്കുന്നതോടൊപ്പം 80തിലധികം രാജ്യങ്ങളിൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതായും റോത്ത് വ്യക്തമാക്കി. ഇന്ത്യ–ലക്‌സംബർഗ് ധനകാര്യ സഹകരണം ശക്തിപ്പെടുത്താൻ നിക്ഷേപ ഫണ്ടുകളും ആസ്തി മാനേജ്മെന്റും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതു പോലെയുള്ള പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ നിക്ഷേപകർക്ക് വിപണി പ്രവേശനം എളുപ്പമാക്കൽ, യൂറോപ്യൻ സ്ഥാപനങ്ങളുടെ മൂലധനം ഇന്ത്യയിലെ വലിയ പദ്ധതികളിലേക്ക് എത്തിക്കൽ, ധനകാര്യ വിപണികളുടെ ഡിജിറ്റലൈസേഷൻ സഹകരണം വർധിപ്പിക്കൽ, നിയന്ത്രണ സംവിധാനങ്ങളിലുളള സഹകരണം ശക്തമാക്കൽ തുടങ്ങിയവയ്ക്കും ഊന്നൽ നൽകും. ഇന്ത്യയുടെ വളർന്നുവരുന്ന മൂലധന വിപണികളിലേക്ക് ആഗോള നിക്ഷേപം എത്തിക്കുന്നതിൽ ലക്‌സംബർഗ് പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Luxembourg Finance Minister Gilles Roth announces plans to make Luxembourg the primary gateway for European and global investments into India’s booming capital markets.
