ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ‘ദൈവം’ സച്ചിൻ ടെൻഡുൽക്കറിന് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. അതേസമയം, സഞ്ജുവിനെ അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലിയും രംഗത്തെത്തി. ടൂർണമെന്റിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയത്.

സച്ചിനെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായി സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങൾ വലിയ സഹായമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ചിന്തിച്ചു. അങ്ങനെ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്നലെ പോലും എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട് – സഞ്ജു പറഞ്ഞു.
അസാമാന്യ പ്രകടനം പുറത്തെടുത്ത സഞ്ജു മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാണെന്നാണ് കിംഗ് കോഹ്ലി ഇന്ത്യയുടെ ടി20 വിജയത്തിനു ശേഷം ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ‘ചേട്ടാ’- ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ പങ്കുവെച്ച ഏക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കോഹ്ലി കുറിച്ചു.
ലോകകപ്പിൽ വെറും അഞ്ച് മത്സങ്ങൾ മാത്രം കളിച്ച സഞ്ജു, 80.25 ശരാശരിയിൽ മൂന്ന് അർധസെഞ്ചറികൾ ഉൾപ്പെടെ 321 റൺസാണ് അടിച്ചുകൂട്ടിയത്. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ റൺ ചേസിൽ പുറത്താകാതെ 97 റൺസ് നേടിയ താരം സെമിയിലും ഫൈനലിലും ഫിഫ്റ്റി കുതിപ്പ് ആവർത്തിച്ചു. ഈ മൂന്ന് നിർണായക മത്സരങ്ങളിലും ടീമിന്റെ ടോപ് സ്കോററാണ സഞ്ജു. ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സഞ്ജു, 199.38 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് ടൂർണമെന്റിലെ താരമായത്
Sanju Samson shines as the ‘Player of the Tournament’ in the T20 World Cup. After scoring 321 runs at a 199.38 strike rate, Sanju credits Sachin Tendulkar for his guidance while Virat Kohli hails his extraordinary performance
