ഐഐടി പഠനത്തിനും യുഎസിലെ കോർപ്പറേറ്റ് ജോലിക്കു ശേഷം ലോസ് ഏഞ്ചൽസിൽ ചായക്കച്ചവടം ആരംഭിച്ച് തരംഗമായ പ്രഭാകർ പ്രസാദ് എന്ന “ചായ്വാല” തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ ശ്രദ്ധ നേടുകയാണ്. ബിഹാറിലെ ചെറിയ ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ തിരക്കേറിയ തെരുവുകളിലേക്ക് ചായയുമായി എത്തിയ പ്രഭാകറിന്റെ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബിഹാറിലെ ഗംഗാതീരത്തുള്ള ചെറിയ ഗ്രാമത്തിൽ അതിദാരിദ്ര്യത്തിലായിരുന്നു പ്രഭാകറിന്റെ കുട്ടിക്കാലം. കൊടുംതണുപ്പിൽ പുതപ്പിന് പകരം ചാക്കുകൾ പുതച്ചുറങ്ങേണ്ടി വന്ന അവസ്ഥയിൽ നിന്ന് കഠിനാധ്വാനം ചെയ്ത് ഐഐടി പ്രവേശനം നേടിയ അദ്ദേഹം പിന്നീട് എംബിഎ പഠനത്തിനായാണ് അമേരിക്കയിലെത്തിയത്. പത്തുവർഷത്തോളം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തെങ്കിലും അവിടെയൊന്നും സന്തോഷം കണ്ടെത്താൻ പ്രഭാകറിന് കഴിഞ്ഞില്ല. ഒടുവിൽ 2025 ഫെബ്രുവരിയിൽ ടെക് മേഖലയിലെ പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടതോടെയാണ് തന്റെ പ്രിയ ‘ഹോബിയായ’ ചായയുണ്ടാക്കലിനെ ബിസിനസാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചത്.
ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ തോളിൽ ഗംഛയും (നാടൻ തോർത്ത്) ചുറ്റി ബിഹാറി ശൈലിയിൽ ചായ വിൽക്കുന്ന പ്രഭാകറിന്റെ വീഡിയോകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരു കപ്പ് ചായയ്ക്ക് 8 ഡോളർ (ഏകദേശം 780 രൂപ) വരെയാണ് അദ്ദേഹം ഈടാക്കുന്നത്. “പണ്ട് എന്റെ കയ്യിൽ കൂടുതൽ പണമുണ്ടായിരുന്നു, പക്ഷേ സ്വാതന്ത്ര്യവും സന്തോഷവും കുറവായിരുന്നു. ഇന്ന് പണം കുറവാണെങ്കിലും ഞാൻ പൂർണ്ണ സ്വതന്ത്രനും സന്തുഷ്ടനുമാണ്,” പ്രഭാകർ പറയുന്നു. കോർപ്പറേറ്റ് അടിമത്തത്തിൽ നിന്ന് മോചിതനായി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Discover the viral story of Prabhakar Prasad, an IIT graduate and MBA holder who turned a 2025 tech layoff into a successful tea business in Los Angeles. Selling authentic Bihari-style chai for $8 a cup, he finds peace outside the corporate world.
