സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് സുപ്രധാന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ ഉന്നതതല യോഗം തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഇത്തരം സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.

Kerala non-domestic LPG quota increase

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻറ് സംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വ്യാവസായിക – ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. വിതരണ, ഉപഭോഗ രീതികൾ ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ്‌ബോർഡ് സംവിധാനത്തിലൂടെ നിരീക്ഷണം നടത്തും.

പാചക വാതക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാന എൽപിജി കമ്പനികളുടെ പ്രതിനിധികളുമായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പപാചകവാതക വിതരണത്തിൽ ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്നും സർക്കാർ വ്യക്തമാക്കി. വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് കാരണം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലിണ്ടർ നൽകണം എന്നത് വിശദമാക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമേ വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, ജനകീയ അടുക്കളകൾ, ഐടി പാർക്ക് ക്യാൻറീനുകൾ, ഫാക്ടറി ക്യാൻറീനുകൾ എന്നിവയ്ക്കും മുൻഗണന നിശ്ചയിക്കും. ഇതിനായി മാർഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി.

ക്ഷാമം കാരണം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ണെണ്ണ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും. വാണിജ്യ ആവശ്യങ്ങൾക്കായി ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ, റവന്യൂ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, പോലീസ്, എൽപിജി കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് ടീമുകൾ പരിശോധനകൾ ശക്തമാക്കും.
പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും.

Kerala Government to request an increase in the non-domestic LPG cylinder limit. A new enforcement team and monitoring dashboard will be launched to curb black marketing.

Share.

Comments are closed.

Exit mobile version