ലോകത്തെ പല രാജ്യങ്ങളും ഇന്ത്യൻ പൗരന്മാർക്ക് വിസ നിബന്ധനകളിൽ ഇളവ് നൽകുമ്പോഴും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ കർശന യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യമാണ് യെമൻ. 2015ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് യെമനിലെ സാഹചര്യം അതീവ ഗുരുതരമായതോടെയാണ് 2017 സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കുന്നത് യെമനിലെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നതിനാലാണ് ‘അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ’ ഈ നിരോധനം തുടരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിപത്രം (NOC) ഇല്ലാതെ വ്യോമ, നാവിക, കര മാർഗങ്ങളിലൂടെ യെമനിലേക്ക് യാത്ര ചെയ്യുന്നത് പാസ്പോർട്ട് നിയമപ്രകാരം കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവരുടെ പാസ്പോർട്ട് പിടിച്ചെടുക്കാനും റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ പുതിയ പാസ്പോർട്ട് നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.
2015ൽ യുദ്ധം രൂക്ഷമായപ്പോൾ ‘ഓപ്പറേഷൻ റാഹത്ത്’ എന്ന ദൗത്യത്തിലൂടെ അയ്യായിരത്തിലധികം ആളുകളെയാണ് ഇന്ത്യൻ സർക്കാർ യെമനിൽനിന്നും രക്ഷപ്പെടുത്തിയത്. അത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഇന്ത്യ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. യെമനിൽ നിലവിൽ നയതന്ത്ര സഹായങ്ങൾ ലഭ്യമാക്കാൻ പരിമിതികളുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും വിദേശികളെ സഹായിക്കുക ദുഷ്കരമാണെന്നും യാത്രാ ഉപദേശത്തിൽ സർക്കാർ വ്യക്തമാക്കുന്നു.
India continues its strict travel ban on Yemen due to severe security risks and regional conflict. Learn why unauthorized travel can lead to passport cancellation, 7-year bans, and the history of Operation Rahat
