ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് കരുത്തേകാൻ തിരുവനന്തപുരത്തു നിന്നൊരു മലയാളി സ്റ്റാർട്ടപ്പ്. നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്പേസ്ടൈം ഫോർ ഡി പ്രിന്റിംഗ് സൊല്യൂഷൻ’ (Spacetime 4D Printing Solution) വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ആകാശ300’ (Akasha300) 3D പ്രിന്റർ ഐഎസ്ആർഒയ്ക്ക് കൈമാറി. വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലാണ് (LPSC) ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ബഹിരാകാശ വാഹനങ്ങളുടെ സങ്കീർണ്ണമായ ഭാഗങ്ങൾ വളരെ വേഗത്തിലും കൃത്യതയോടും കൂടി നിർമ്മിക്കാൻ ഈ സംവിധാനം സഹായിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) ഐഐഎസ്ടിയുടെയും (IIST) പിന്തുണയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

അത്യാധുനിക പോളിമറുകളും കോമ്പോസിറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ ശേഷിയുള്ളതാണ് ആകാശ300. 350 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ പ്രിന്ററിൽ ഭാവിയിൽ ഇത് 500 ഡിഗ്രി വരെ ഉയർത്താനുള്ള സൗകര്യവുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായി ബഹിരാകാശ ഘടകങ്ങൾ നിർമ്മിക്കാനും ഇതിലൂടെ സാധിക്കുമെന്നത് ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ കരുത്താകും. റോക്കറ്റ് എൻജിനുകളുടെ പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിലും മെറ്റീരിയൽ റിസർച്ചിലും ഈ 3D പ്രിന്റർ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Trivandrum-based startup Spacetime 4D Printing Solution delivers the advanced Akasha300 3D printer to ISRO’s LPSC. Learn how this local innovation boosts India’s space manufacturing
