സംസ്ഥാന സർക്കാരിന്റെ തനതുനികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഒരുലക്ഷം കോടി കടന്നു. സർക്കാരിന്റെ ചെലവ് 1.9 ലക്ഷം കോടിയായി.വാർഷിക പദ്ധതിയിൽ സംസ്ഥാനപദ്ധതികളുടെ ചെലവ് 106.4 ശതമാനമായി ഉയർന്നു.സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ട്രഷറിയിൽ 4000 കോടി ബാലൻസ് ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്ത് മാർച്ച് മാസത്തിൽമാത്രം 20,392 കോടി വിവിധ ഇനങ്ങളിൽ ചെലവിട്ടു. ഇതോടെ പദ്ധതിച്ചെലവ് ആകെ 100 ശതമാനമായെന്നും ഇത് മുൻവർഷത്തെക്കാൾ 5.38 ശതമാനം കൂടുതലാണ് എന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാന പദ്ധതിച്ചെലവായി 24,722.73 കോടിയും തദ്ദേശസ്ഥാപനങ്ങൾക്കായി 7029.21 കോടി രൂപയുമാണ് ചെലവിട്ടത്.

ഇതാദ്യമായിട്ടാണ് സംസ്ഥാനത്തിന്റെ മൊത്തം നികുതി വരവ് ഒരുലക്ഷം കോടി കടക്കുന്നത്. തനതു നികുതിവരുമാനം 82,100 കോടിയാണ്. നികുതിയേതര വരുമാനം 23,000 കോടി കടക്കും.
കേരളം കടക്കെണിയിലല്ല എന്നും കേന്ദ്രത്തിന്റെ നിസ്സഹകരണവും, സംസ്ഥാനം നേരിട്ട പ്രതിസന്ധികളും മറികടന്നാണ് സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും സാമ്പത്തിക പ്രതിസന്ധി കാരണം ഒട്ടേറെ ചെലവുകൾ മാറ്റിവെച്ച പശ്ചാത്തലത്തിലാണ് കടക്കെണി ഒഴിവായെന്ന കണക്കുകൾ വരുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്കായുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ ചെലവ് 76.28 ശതമാനമാണ്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് അവസാനം അനുവദിച്ച 2000 കോടി രൂപ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ മുന്നിലാണ്. ഇതുകൂടി ചേർത്താൽ തദ്ദേശപദ്ധതിച്ചെലവ് 89 ശതമാനമാവും.
പല പദ്ധതികൾക്കും ബജറ്റ് വിഹിതത്തെക്കാൾ കൂടുതൽ അനുവദിച്ചു. കൊച്ചി മെേട്രായ്ക്ക് 289.01 കോടിയാണ് നീക്കിവെച്ചത്. എന്നാൽ 1226.98 കോടി അനുവദിച്ചു. സ്ത്രീകൾക്ക് മാസം ആയിരം രൂപാവീതം നൽകുന്ന മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്കായി ഇതുവരെ 323.27 കോടി ചെലവിട്ടു.