ആഭ്യന്തര വിമാനയാത്രാ നിരക്കിലുണ്ടായ വർധന നിയന്ത്രിക്കുന്നതിനായി നിർണ്ണായക നീക്കവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ചെറു വിമാനത്താവളങ്ങളിലും ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾക്ക് ആശ്വാസമായി സർക്കാർ ഈ നടപടി സ്വീകരിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് പ്രാബല്യത്തിലുള്ള ഈ തീരുമാനത്തിലൂടെ വിമാനക്കമ്പനികൾക്ക് ഏകദേശം 400 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ആഗോളതലത്തിൽ വിമാന ഇന്ധനത്തിന് (ATF) ഏകദേശം 100 ശതമാനത്തോളം വില വർധന രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇന്ധന സർചാർജ് ഏർപ്പെടുത്തിയത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമായി. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയുമെന്നും ഇത് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.
The Union Civil Aviation Ministry has announced a 25% reduction in landing and parking charges at Indian airports for three months to counter rising fuel costs and lower airfares for passengers
