ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ ‘വന്ദേ ഭാരത്’ ട്രെയിനുകൾക്ക് പിന്നിൽ ഒരു സാധാരണ തൊഴിലാളിയുടെ വലിയ സ്വപ്നമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) മുൻ ജനറൽ മാനേജർ സുധാംശു മണി. തമിഴ്‌നാട്ടിലെ ഐസിഎഫിൽ വെച്ച് നടന്ന ചെറിയ സംഭവമാണ് ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനിന്റെ ജനനത്തിന് കാരണമായതെന്ന് വന്ദേ ഭാരത് ശിൽപി എന്നറിയപ്പെടുന്ന സുധാംശു വ്യക്തമാക്കുന്നു.
ചിത്രം മാറ്റിയ ചിന്ത
ഒരിക്കൽ ചെന്നൈ ഐസിഎഫിൽ ട്രെയിനിന്റെ വാതിലുകൾ തടസ്സപ്പെടുന്നത് പരിശോധിക്കാൻ പോയതായിരുന്നു സുധാംശു മണി. ഉന്നത ഉദ്യോഗസ്ഥർ വാതിൽ ശരിയാക്കാൻ പാടുപെടുന്നത് ദൂരെ നിന്ന് വൃദ്ധനായ ഏതോ ഒരു തൊഴിലാളി നോക്കിനിൽക്കുന്നുണ്ടായിരുന്നു. സുധാംശു തിരികെ നടക്കുമ്പോൾ ആ തൊഴിലാളി അദ്ദേഹത്തെ തടഞ്ഞുനിർത്തി പറഞ്ഞു: “സാറേ, വാതിൽ തള്ളലല്ല നിങ്ങളുടെ ജോലി. ഇതാണ് നിങ്ങളുടെ ജോലി.” അയാൾ നീട്ടിയ കടലാസ് കഷ്ണത്തിൽ എയ്റോഡൈനാമിക്സിന് അനുസരിച്ച് രൂപകൽപ്പന ചെയ്ത, അതിവേഗത്തിൽ പായുന്ന ട്രെയിനിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു. ആ ചിത്രം സുധാംശു മണിയുടെ ഉള്ളിൽ തീപ്പൊരിയായി മാറി.
റെക്കോർഡ് വേഗത്തിൽ ‘ട്രെയിൻ 18’
സാധാരണ ഗതിയിൽ ഒരു പുതിയ ട്രെയിൻ നിർമ്മിക്കാൻ 36 മുതൽ 42 മാസം വരെ എടുക്കും. എന്നാൽ 2018 ഡിസംബറിൽ താൻ വിരമിക്കുന്നതിന് മുൻപ് അത് പൂർത്തിയാക്കണമെന്ന് സുധാംശു ഉറപ്പിച്ചു. അങ്ങനെയാണ് ആ പ്രോജക്റ്റിന് ‘ട്രെയിൻ 18’ എന്ന് പേരിട്ടത്. വെറും 18 മാസത്തിനുള്ളിൽ 97 കോടി രൂപ ചിലവിൽ വന്ദേ ഭാരത് തയ്യാറായി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ട്രെയിനുകളുടെ മൂന്നിലൊന്ന് ചിലവേ വന്ദേഭാരതിന് വന്നുള്ളൂ.
വെല്ലുവിളികളും വിമർശനങ്ങളും
വന്ദേ ഭാരത് ഹിറ്റായതോടെ വലിയൊരു വിഭാഗം ശത്രുക്കളും ഉണ്ടായി. ടീമിനെതിരെ വ്യാജ വിജിലൻസ് കേസുകൾ വരെ വന്നു. എന്നാൽ രാജ്യം ആ ട്രെയിനിനെ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. എങ്കിലും, വന്ദേ ഭാരതിനെ ‘ലോകോത്തരം’ എന്ന് വിളിക്കുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ട്. യൂറോപ്പിലെയും ചൈനയിലെയും ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും ഭാരം കുറഞ്ഞ അലുമിനിയം ട്രെയിനുകളിലേക്ക് മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റെയിൽവേയുടെ ഇന്നത്തെ അവസ്ഥ
റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചത് റെയിൽവേയുടെ സാമ്പത്തിക അച്ചടക്കത്തെ ബാധിച്ചുവെന്ന് അദ്ദേഹം വിമർശിക്കുന്നു. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആളുകൾ മൃഗങ്ങളെപ്പോലെ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് വേദനാജനകമാണ്. അവർക്ക് അന്തസ്സുള്ള യാത്ര ഒരുക്കണം. അപകടങ്ങൾ കുറഞ്ഞത് വലിയ നേട്ടമാണ്. ഇത് പൂജ്യത്തിലേക്ക് എത്തിക്കാൻ ‘കവച്’ (Kavach) സംവിധാനം വേഗത്തിൽ നടപ്പിലാക്കണം. അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കണമെന്ന നിർദേശവും സുധാംശു മുന്നോട്ടുവെച്ചു.
Discover the untold story of Vande Bharat’s origin. Former ICF GM Sudhanshu Mani reveals how a worker’s sketch and the 18-month “Train 18” mission revolutionized Indian Railways
