പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ഭാരതീയ ജനതാ പാർട്ടി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ചരിത്രപരമായ ഭരണമാറ്റം നടന്നത്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും സുവേന്ദു അധികാരി വിജയിച്ചിരുന്നു. ഭവാനിപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ 15,115 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം തന്റെ കരുത്ത് തെളിയിച്ചത്. ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച 57-കാരനായ അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിലാണ് നടന്നതെന്ന പ്രത്യേകതയുമുണ്ട്. സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിന് തുടക്കമായെന്ന് അദ്ദേഹം അധികാരമേറ്റ ശേഷം എക്സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു.
ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഏറ്റവും മുതിർന്ന ബിജെപി പ്രവർത്തകരിൽ ഒരാളായ 98 വയസ്സുകാരൻ മഖൻലാൽ സർക്കാരിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു. ചടങ്ങിന് മുന്നോടിയായി ടാഗോർ ജയന്തി പ്രമാണിച്ച് രവീന്ദ്രനാഥ ടാഗോറിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു. പുതിയ മന്ത്രിസഭാംഗങ്ങളെ വ്യക്തിപരമായി അഭിനന്ദിച്ച പ്രധാനമന്ത്രി, ബംഗാളിലെ ഇരട്ട എൻജിൻ വികസനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശേഷമാണ് വേദിയിൽ നിന്ന് മടങ്ങിയത്.
In a historic move, Suvendu Adhikari has been sworn in as the first BJP Chief Minister of West Bengal. The ceremony, attended by PM Modi at Brigade Parade Ground, marks the end of 15 years of TMC rule
