രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കി യാത്ര സുഗമമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2026 അവസാനത്തോടെ ടോൾ ബൂത്തുകളിലെ തടസ്സങ്ങളില്ലാതെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ടൈംസ് ഡ്രൈവ് ഓട്ടോ സമിറ്റിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ നിശ്ചിത ടോൾ പോയിന്റുകൾക്ക് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്.

നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യയും ഫാസ്ടാഗുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റും സമന്വയിപ്പിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. മൾട്ടി ലെയിൻ ഫ്രീ ഫ്ലോ (MLFF) സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈവേകളിൽ സ്ഥാപിക്കുന്ന ക്യാമറകളും സെൻസറുകളും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. വാഹനങ്ങൾ നിർത്താതെ തന്നെ 80 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ വിവരങ്ങൾ ശേഖരിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിനോടകം തന്നെ 85 ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ പരിഷ്കാരം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും ഇന്ധന നഷ്ടം ഒഴിവാക്കാനും സഹായിക്കും. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയെന്നതിനാൽ പല യാത്രക്കാർക്കും ടോൾ ചിലവ് കുറയുമെന്നും മന്ത്രി സൂചിപ്പിച്ചു. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമെങ്കിലും ഫാസ്ടാഗ് തന്നെയായിരിക്കും ടോൾ ശേഖരണത്തിന്റെ അടിസ്ഥാനം. ഫാസ്ടാഗിൽ ബാലൻസ് കുറവുള്ള വാഹനങ്ങൾക്കും ടോൾ നൽകാത്തവർക്കും ഡിജിറ്റൽ നോട്ടീസുകളും പിഴയും ചുമത്തുന്ന രീതിയിലായിരിക്കും ഈ ആധുനിക ടോൾ സംവിധാനം നടപ്പിലാക്കുക
India to remove all physical toll plazas by the end of 2026. Learn about the Multi-Lane Free Flow (MLFF) and satellite-based systems that will allow non-stop travel at 80 kmph.
