തിരുവനന്തപുരത്ത് ബ്രഹ്മോസ് ഏറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിന്റെ (BATL) പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡി.ആർ.ഡി.ഒയ്ക്ക് 90 ഏക്കർ ഭൂമി കൂടി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്ക് ആകെ 180 ഏക്കർ ഭൂമിയാണ് ആവശ്യമായിട്ടുള്ളതെന്നും, ഇതിന്റെ ആദ്യ ഘട്ടമായി ഇതിനോടകം 90 ഏക്കർ നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക അനുമതികൾ ലഭിക്കുന്നതിനാണ് ഈ ഭൂമി കൈമാറ്റം. ചാക്കയിലെ യൂണിറ്റിന് പുറമെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഈ രണ്ടാമത്തെ യൂണിറ്റ് അത്യാധുനിക മിസൈലുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും നിർമ്മാണത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്.
നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ കീഴിലുള്ള ഭൂമി BATLന് കൈമാറുന്നതിന് കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പ്രഖ്യാപിച്ചിട്ടുള്ള ‘സതേൺ കേരള ഇക്കണോമിക് കോറിഡോറിൻ്റെ’ ഭാഗമായി ഈ പുതിയ സംരംഭം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ, ബഹിരാകാശ ഗവേഷണ രംഗത്ത് തലസ്ഥാന നഗരത്തെ പ്രധാന ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങളും ഉയർന്ന നിക്ഷേപങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Kerala Cabinet approves 90 acres of land for DRDO to establish a new BrahMos Aerospace manufacturing unit in Thiruvananthapuram, boosting defence infrastructure.
