തിരുപ്പതിക്ക് സമീപം സ്ഥാപിക്കുന്ന റോയൽ എൻഫീൽഡ് നിർമ്മാണ യൂണിറ്റിലെ ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. തിരുപ്പതി ജില്ലയിലെ സത്യവേട് മണ്ഡലത്തിൽ 2500 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് റോയൽ എൻഫീൽഡിന്റെ അത്യാധുനിക നിർമ്മാണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത്.
പുതിയ പ്ലാന്റിനായി സംസ്ഥാന സർക്കാർ നൽകിയ ആനുകൂല്യങ്ങൾക്ക് നന്ദി അറിയിക്കാൻ ഐഷർ മോട്ടോഴ്‌സ് (EML) മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡ് സി.ഇ.ഒയുമായ ബി. ഗോവിന്ദരാജൻ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് നായിഡു ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അത്യാധുനിക ടെസ്റ്റിംഗ് ട്രാക്ക്, റിസർച്ച് സെന്റർ എന്നിവയുൾപ്പെടുന്ന ഈ പുതിയ പ്ലാന്റിലൂടെ പ്രതിവർഷം ഒമ്പത് ലക്ഷം മോട്ടോർ സൈക്കിളുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘ഫ്ലയിംഗ് ഫ്ലീ സി6’ (Flying Flea C6) ബ്രാൻഡിന് കീഴിൽ പുതിയ ഇലക്ട്രിക് മോഡൽ കൂടി ഈ യൂണിറ്റിലൂടെ വിപണിയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ബി. ഗോവിന്ദരാജൻ അറിയിച്ചു.
AP CM Chandrababu Naidu has directed Royal Enfield to begin production at its upcoming ₹2,500 crore Tirupati manufacturing facility within the next 18 months.
