ഇനി കടി വേണ്ട കട്ടൻ മതിയെന്ന് ജനം. മിൽമ പാലടക്കം ഉൽപന്നങ്ങൾക്ക് വൻ വിലവർദ്ധനവ് നിലവിൽ വന്നു. മിൽമ ലിറ്ററിന് നാല് രൂപ വർധിപ്പിച്ചതോടെ മറ്റു കമ്പനികളുടെ പാലിലും, നെയ് അടക്കം പാൽ ഉത്പന്നങ്ങളിലും സമാന വിലവര്ധനവുണ്ടാകും. ഇനി മുതൽ ഒരു കവർ മിൽമ പാലിന് കുറഞ്ഞത് 27 രൂപ മുതൽ 30 രൂപ വരെയാകും. തൈര് ലിറ്ററിന് കൂടിയത് പത്തു രൂപ. മറ്റു മിൽമ ഉത്പന്നങ്ങളുടെ വിലയും സമാനമായി കൂടും. മിക്ക ചായക്കടകളിലും റെസ്റ്റാറന്റുകളിലും ചായക്ക് 15 രൂപയും പലഹാരങ്ങൾക്ക് കുറഞ്ഞത് 13 രൂപയുമാക്കി.

ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് വർധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്.ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നത് എന്നാണ് മിൽമയുടെ ന്യായം. ഇടതു സർക്കാർ ഭരണം അവസാനിപ്പിക്കുന്നതിന് മുമ്പ് വില വർധിപ്പിക്കാൻ മിൽമക്ക് അനുമതി നൽകിയിരുന്നു. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75 % തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു.
500 മില്ലിയുടെ ഡബിൾ ടോൺഡ് മിൽക് (മഞ്ഞ കവർ) 27 രൂപയാണ് പുതുക്കിയ വില. 525 മില്ലി ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (നീല കവർ) 30 രൂപയും 500 മില്ലി ഹോമോജനൈസ്ഡ് മിൽമ പ്രൈഡ് (ഓറഞ്ച് കവർ) പാലിന് 30 രൂപയും 500 മില്ലി മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (പച്ച കവർ) 32 രൂപയും ഒരു ലിറ്റർ ബോട്ടിൽ കൗ മിൽക് 75 രൂപയായുമാണ് വർധിപ്പിച്ചത്. 525 ഗ്രാം ക്ലാസിക് തൈരിന് 40 രൂപയും 500 ഗ്രാം എലൈറ്റ് തൈരിന് 45 രൂപയുമായാണ് വർധന.
പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്‍റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു
Milma hikes milk prices by ₹4 per liter in Kerala, leading to increased costs for curd, ghee, and tea at local restaurants. Check out the latest price list here.
