ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ തമിഴ്‌നാടിനായി ശക്തമായ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ നീതി ആയോഗ് യോഗത്തിൽ സംസാരിച്ച അദ്ദേഹം, കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുന്നതിൽ തന്റെ സർക്കാർ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി.

Exempt Tamil Nadu from NEET CM Vijay

മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) ഗ്രാമീണ മേഖലയിലെയും പിന്നാക്ക വിഭാഗങ്ങളിലെയും വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ തമിഴ്‌നാടിനെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. കൂടാതെ, തമിഴ് ജനതയുടെ സാംസ്കാരിക പ്രതീകമായ ‘തിരുക്കുറലിനെ’ ഇന്ത്യയുടെ ദേശീയ സാഹിത്യമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.  

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കുടിശ്ശികകൾ അടിയന്തരമായി അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള 3,284 കോടി രൂപയും ഹൊഗനക്കൽ രണ്ടാം ഘട്ട കുടിവെള്ള പദ്ധതിക്കായുള്ള 2,284 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, കോയമ്പത്തൂരിൽ സംസ്ഥാനത്തെ രണ്ടാമത്തെ എയിംസ് (AIIMS) അനുവദിക്കുക, ആറ് ദേശീയപാതാ വികസന പദ്ധതികൾക്ക് അംഗീകാരം നൽകുക, കുലശേഖരപട്ടണത്തെ സ്പേസ് മാനുഫാക്ചറിങ് ഹബ്ബിനെ ദേശീയ ബഹിരാകാശ ഹബ്ബായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

ശ്രീലങ്കൻ നാവികസേന തമിഴ് മൽസ്യത്തൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട വിജയ്, മൽസ്യത്തൊഴിലാളികളുടെ സുരക്ഷയും പരമ്പരാഗത അവകാശങ്ങളും ഉറപ്പാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചയും നടത്തി.

Tamil Nadu CM C. Joseph Vijay demands NEET exemption for the state at his first NITI Aayog meeting. He also requested pending financial dues and national status for Thirukkural.

Share.
Leave A Reply

Exit mobile version