റിലയൻസ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് (JPL), ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) ഏറ്റവും പുതിയ പേറ്റന്റ് റാങ്കിംഗിൽ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 2025-ലെ പട്ടികയിൽ 320 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജിയോ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആഗോള സാങ്കേതിക ഭൂപടത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട്, ഹുവായ്, സാംസങ്, ക്വാൽകോം, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള വമ്പന്മാർക്കൊപ്പമാണ് ജിയോ ഇടംപിടിച്ചിരിക്കുന്നത്. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്.

ജിയോ ഒരു ‘ഡീപ്-ടെക്’ സ്ഥാപനമായി മാറാൻ നടത്തുന്ന വർഷങ്ങളുടെ പരിശ്രമങ്ങളുടെ തെളിവും പ്രതിഫലനവുമാണ് ഈ റാങ്കിംഗ് എന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.”വിവിധ അത്യാധുനിക സാങ്കേതികവിദ്യകളിൽ ജിയോ നടത്തുന്ന ഗവേഷണങ്ങളുടെയും നവീകരണങ്ങളുടെയും വേഗതയാണ് ഇത് കാണിക്കുന്നത്. വരും വർഷങ്ങളിലും ഈ വളർച്ച തുടരും. സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിലും അവയുടെ ഉടമസ്ഥാവകാശം നേടുന്നതിലും ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യയെ മുൻപന്തിയിലെത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന ദർശനത്തിന് ഞങൾ ഈ നേട്ടം സമർപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Jio Platforms has entered the global top 20 in WIPO patent rankings, becoming the first Indian tech company to achieve this milestone. The company improved 320 positions in 2025, strengthening India’s presence in global technology innovation
