യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വൻ പ്രഖ്യാപനങ്ങൾ. പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും നോക്കാം.

MSME, സംരംഭകത്വം, നിക്ഷേപം
10,000 MSME-കൾക്ക് 100 കോടി: സംസ്ഥാനത്തുടനീളം പതിനായിരം പുതിയ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) ആരംഭിക്കുന്നതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ഇൻവെസ്റ്റ് കേരളം സെല്ലും കൗൺസിലും: സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഡാറ്റാ അധിഷ്ഠിത ‘ഇൻവെസ്റ്റ് കേരളം’ സെല്ലും, ‘ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിലും’ രൂപീകരിക്കും.
ഗ്ലോബൽ ജോബ് വാച്ച് ടവർ: തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലേബർ മാർക്കറ്റ് പ്ലാനിങ്ങിനുമായി ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും.
പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട്: പ്രവാസികളുടെ നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും.
വ്യോമയാന, വിമാനത്താവള വികസനം
വിമാനത്താവള വികസനത്തിന് 200 കോടി: സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി 200 കോടി രൂപ മാറ്റിവെച്ചു. വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി വരും.
സിയാലിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് (CIAL) ചേർന്ന് പുതിയ ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമ്മിക്കും.
എയ്റോപാത്ത്, എയ്റോസിറ്റി: വ്യോമയാന മേഖലയ്ക്ക് ഊർജ്ജം പകരാൻ എയ്റോപാത്ത്, എയ്റോസിറ്റി പദ്ധതികൾ നടപ്പിലാക്കും.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ് ഹൈവേ: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് ഹൈവേയുടെ പഠനത്തിനായി 1 കോടി രൂപ അനുവദിച്ചു.
അടിസ്ഥാന സൗകര്യ വികസനവും മെട്രോയും
കോട്ടയം സ്കൈവാക്ക് പുനരാരംഭിക്കും: അനിശ്ചിതത്വത്തിലായിരുന്ന കോട്ടയത്തെ സ്കൈവാക്ക് പ്രവൃത്തികൾ പുനരാരംഭിക്കാൻ ബജറ്റിൽ പ്രഖ്യാപനമായി.
ലൈറ്റ് മെട്രോ പദ്ധതികൾ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തി.
മിഷൻ സമുദ്ര: തീരദേശ-തുറമുഖ വികസനം ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി 400 കോടി രൂപ മാറ്റിവെച്ചു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.
വ്യവസായ ഇടനാഴികൾ: കൊച്ചി – ആലുവ – പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് ‘ഗ്ലോബൽ ഫർണിച്ചർ ഹബ്ബും’, കൊച്ചി – തൃശൂർ ആഭരണ ഇടനാഴിക്കായി 10 കോടി രൂപയും പ്രഖ്യാപിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
റബ്ബർ താങ്ങുവില: കർഷകർക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി.
കോഴിക്കോട് സൈബർ പാർക്ക് വികസനം: കോഴിക്കോട് സൈബർ പാർക്കിനെ കൊച്ചി ഇൻഫോ പാർക്കിന്റെ നിലവാരത്തിലേക്ക് ഉയർത്തും. ഇതിനായി ഐടി മേഖലയ്ക്ക് ആകെ 434.40 കോടി രൂപ അനുവദിച്ചു.
ആസൂത്രണ ബോർഡ് പുനഃസംഘടന: സംസ്ഥാന ആസൂത്രണ ബോർഡിനെ ഒരു വിദഗ്ദ്ധ ‘തിങ്ക് ടാങ്ക്’ (Think Tank) ആയി പുനഃസംഘടിപ്പിക്കും.
കായിക യുവജന മേഖല: കായിക-യുവജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 175.77 കോടി രൂപ വകയിരുത്തി.
പരമ്പരാഗത തൊഴിൽ മേഖല: കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനായി സമഗ്ര പാക്കേജും, മൺപാത്ര നിർമാണ തൊഴിലാളികൾക്കായി പ്രത്യേക ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചു.
Kerala Budget 2026 announces ₹100 crore for 10,000 new MSMEs, ₹200 crore for airport development, a CIAL convention centre, and light metro funding
