വരും മാസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാല വൈദ്യുതി വാങ്ങലിന് അനുമതി തേടി KSEB. വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് (സെപ്റ്റംബർ ഒഴിവാക്കി) വൈദ്യുതി വാങ്ങാനാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മണികരൺ പവർ, ജിൻഡാൽ പവർ, ശ്രീ സിമന്റ്, പിടിസി ഇന്ത്യ എന്നിവരിൽ നിന്നും യൂണിറ്റിന് 9 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി തേടിയിരിക്കുന്നത്.

ഈ ഹർജിയിൽ ജൂൺ 24-ന് റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. സെപ്റ്റംബറിലേക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 12.98 രൂപയായതിനാൽ ആ മാസത്തേക്ക് പുതിയ ടെൻഡർ വിളിക്കാനാണ് ബോർഡിന്റെ തീരുമാനം. എൽ നിനോ പ്രതിഭാസം മൂലമുള്ള കടുത്ത ചൂടും മഴക്കുറവും കാരണം രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്ന സമയത്താണ് കെഎസ്ഇബിയുടെ ഈ നീക്കം. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്.
കൂടാതെ വേനൽക്കാലത്തെ ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ (Swap), ബാങ്കിങ് വ്യവസ്ഥകൾ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിനുള്ളിൽ തിരികെ നൽകേണ്ടതുമുണ്ട്. സാധാരണ രീതിയിൽ കാലവർഷം ലഭിച്ചാൽ പോലും ജൂലൈയിൽ 600 മെഗാവാട്ടിന്റെയും ഓഗസ്റ്റിൽ 750 മെഗാവാട്ടിന്റെയും കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഇത് 800 മുതൽ 1000 മെഗാവാട്ട് വരെയായി ഉയർന്നേക്കാമെന്നും, ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമെന്നും ബോർഡ് ഹർജിയിൽ വ്യക്തമാക്കുന്നു.
KSEB has sought regulatory approval to purchase short-term power until December to address Kerala’s expected electricity shortage. Low reservoir levels, rising demand, and monsoon uncertainty are driving the move.
