കേരളത്തിലെ പൊതുഗതാഗത രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി. വ്യൂഹത്തിലേക്ക് പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ഇന്ധന ബസുകൾ എത്തുന്നു. കേന്ദ്ര സർക്കാരിന്റെ കാർബൺ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അനെർട്ടുമായി (ANERT) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

Hydrogen-powered KSRTC buses

കേരളത്തിൽ പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ കേന്ദ്രമന്ത്രി, കെ.എസ്.ആർ.ടി.സി. ബസുകളുടെ നവീകരണത്തിനായുള്ള വായ്പ ശുപാർശ ചെയ്യാമെന്നും ദേശീയപാത ടോൾ പ്ലാസകളിൽ കെ.എസ്.ആർ.ടി.സി.ക്ക് ഇളവുകൾ നൽകുന്നത് പരിശോധിക്കാമെന്നും ഉറപ്പുനൽകി. കൂടാതെ, പാറശ്ശാലയിലെ റീജിയണൽ ഡ്രൈവർ ട്രെയിനിംഗ് സെന്ററിനും മറ്റ് ജില്ലാ കേന്ദ്രങ്ങൾക്കുമുള്ള കേന്ദ്രാനുമതി ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (DMRC) ഇന്ത്യൻ ഓയിലും ചേർന്ന് ദേശീയ തലസ്ഥാനത്ത് നടത്തുന്ന ഹൈഡ്രജൻ ബസ് സർവീസിന്റെ ട്രയൽ റണ്ണിൽ മന്ത്രി സി.പി. ജോൺ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി. സി.എം.ഡി. പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവർക്കൊപ്പം സെൻട്രൽ വിസ്തയിലൂടെയുള്ള യാത്രയിലാണ് മന്ത്രി ബസിന്റെ സാങ്കേതിക സവിശേഷതകൾ വിലയിരുത്തിയത്.

വെറും 10 മിനിറ്റിനുള്ളിൽ ഇന്ധനം നിറയ്ക്കാമെന്നതും, 30 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 250 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതും ഇതിന്റെ മേന്മയാണ്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഈ ബസുകളിൽ നിന്നും പുറന്തള്ളപ്പെടുന്നത് ജലബാഷ്പം മാത്രമാണ്. ഉയർന്ന പ്രവർത്തനച്ചെലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രത്യേക ഫ്യുവലിംഗ് സ്റ്റേഷനുകളുടെ ആവശ്യകതയും വെല്ലുവിളിയാണെങ്കിലും, സംസ്ഥാനത്ത് ഈ അത്യാധുനിക ഹരിത ഇന്ധന ബസുകൾ എത്തിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്.

Kerala is set to revolutionize public transport with hydrogen-powered KSRTC buses in partnership with ANERT. Discover the features of this green initiative.

Share.

Comments are closed.

Exit mobile version