ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനും ഹൈഡ്രജൻ ബസുകളും കൊച്ചിയിൽ വിജയകരമായി അവതരിപ്പിച്ചതിന് പിന്നാലെ, ഈ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. പൊതുഗതാഗതത്തിനായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാനും വൻകിട ഉൽപ്പാദന പദ്ധതികൾ ആരംഭിക്കാനുമുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഇന്ത്യ 2070-ഓടെ കാർബൺ Net-Zero ലക്ഷ്യമിടുമ്പോൾ, ഹരിത ഹൈഡ്രജൻ ഊർജ്ജത്തിന്റെ കരുത്തിൽ 2050-ഓടെ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാണ് കേരളം പദ്ധതിയിടുന്നത്. സംസ്ഥാനത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നയം സർക്കാർ ഉടൻ പുറത്തിറക്കും.

ഇൻഫിനിറ്റി ഗ്ലോബൽ, ലീപ് ഗ്രീൻ, എച്ച്.എൽ.സി ഗ്രീൻ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ശതകോടികളുടെ നിക്ഷേപ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം വൻകിട പദ്ധതി ആരംഭിക്കാൻ പ്രമുഖ വ്യവസായ ഗ്രൂപ്പായ റീന്യൂ (ReNew) ആലോചിക്കുന്നുണ്ട്. നഗരസഭകളിലെ ഖരമാലിന്യങ്ങളിൽ നിന്ന് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിൽ രൂപീകരിച്ച ‘കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷന്റെ’ മേൽനോട്ടത്തിൽ അനർട്ട് (ANERT) ആണ് സംസ്ഥാനത്തെ ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.e
Kerala is set to launch its Green Hydrogen Policy to become a clean energy hub. The state targets net-zero carbon emissions by 2050 with mega industrial investments.
