യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ്. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന ഇത്തിഹാദ് ട്രെയിനുകളെ നയിക്കാൻ യുഎഇയിലെ ആദ്യ സ്വദേശി ക്യാപ്റ്റൻമാർക്കൊപ്പമാണ് ഈ മലയാളി യുവാവും നിയോഗിക്കപ്പെട്ടിരിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് യുഎഇയിലെത്തി കൊച്ചു കടകളിൽ കാഷ്യറായും ഡെലിവറി ബോയായും ജോലി ചെയ്താണ് നിഷാദ് തന്റെ പ്രവാസജീവിതം ആരംഭിച്ചത്.

പിന്നീട് 2017ൽ പാം ജുമൈറ മോണോറെയിലിലൂടെ റെയിൽവേ രംഗത്തേക്ക് പ്രവേശിച്ച നിഷാദ്, ദുബായ് ട്രാമിലും മെട്രോയിലും ഇൻസ്ട്രക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഒടുവിൽ കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്തിഹാദ് റെയിൽവേയുടെ ഈ ചരിത്ര പദവിയിലേക്ക് നിഷാദ് യോഗ്യത നേടിയത്. നിഷാദിന്റെ ഈ വലിയ നേട്ടം യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിച്ചു പറക്കുന്ന ഇത്തിഹാദ് റെയിലിന്റെ സ്വപ്നയാത്രയ്ക്ക് മലയാളിപ്പെരുമയുടെ തിളക്കമേകുന്നു
Alappuzha native Nishad makes history as the first Indian captain of UAE’s Etihad Rail, progressing from a delivery boy to steering 200 km/h high-speed trains.
