കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ (Yogloans) ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ടാറ്റാ ക്യാപിറ്റൽ ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഈ ഏറ്റെടുക്കലിലൂടെ സ്വർണ്ണ വായ്പാ ബിസിനസ്സിലേക്ക് ഔദ്യോഗികമായി കാലെടുത്തുവെക്കുകയാണ് ടാറ്റാ ഗ്രൂപ്പ്. ഇടപാട് പൂർത്തിയാകുമ്പോൾ യോഗ്ലോൺസിന്റെ ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പ് ആയതുമായ ഓഹരി മൂലധനത്തിന്റെ ഏകദേശം 88.6 ശതമാനവും ടാറ്റ ക്യാപിറ്റലിന്റെ കൈവശമായിരിക്കും.

പണമായിട്ടാണ് ഈ ഇടപാട് നടക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നതിനൊപ്പം കമ്പനിയുടെ വളർച്ചാ പദ്ധതികൾക്കായി ഏകദേശം 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപം കൂടി നടത്തിയാണ് ടാറ്റാ ക്യാപിറ്റൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്. 318 കോടി രൂപയിൽ താഴെയാണ് യോഗ്ലോൺസിന്റെ പ്രീ-മണി ഇക്വിറ്റി വാല്യൂവേഷനായി നിശ്ചയിച്ചിരിക്കുന്നത്.
കേരളം, കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 162 ശാഖകളുള്ള, ആർബിഐ അംഗീകാരമുള്ള എൻബിഎഫ്സി ആണ് യോഗ്ലോൺസ്. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 708 കോടി രൂപയുടെ ആസ്തിയും (AUM) ഏകദേശം 32,000 സ്വർണ്ണ വായ്പാ ഉപഭോക്താക്കളും കമ്പനിക്കുണ്ട്.
വൈവിധ്യമാർന്ന റീട്ടെയിൽ വായ്പാ സേവനങ്ങൾ കെട്ടിപ്പടുക്കുക എന്ന തങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കൽ എന്ന് ടാറ്റാ ക്യാപിറ്റൽ റെഗുലേറ്ററി ഫയലിംഗിലൂടെ വ്യക്തമാക്കി. ഇതിലൂടെ സ്വർണ്ണ വായ്പാ മേഖലയിൽ നേരത്തെ തന്നെ നിലയുറപ്പിച്ചിട്ടുള്ള ഒരു ശക്തമായ പ്ലാറ്റ്ഫോം ടാറ്റയ്ക്ക് ലഭിക്കുന്നു.
Tata Capital officially enters the gold loan business by acquiring an 88.6% stake in Kerala-based NBFC Yogloans for a major retail expansion
