ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും കയറ്റുമതിക്കാർക്ക് ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്നതിനായി ഡിപി വേൾഡ് പുതിയ റെയിൽ, ഷിപ്പിങ് സർവീസുകൾ ആരംഭിച്ചു. ഡൽഹി എൻസിആറിനെ ഗുജറാത്തിലെ മുന്ദ്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന പ്രത്യേക കയറ്റുമതി ചരക്ക് ട്രെയിൻ സർവീസും, കൊച്ചിക്കും കൊളംബോയ്ക്കുമിടയിൽ ആഴ്ചയിൽ രണ്ടാമതൊരു കപ്പൽ സർവീസുമാണ് പുതുതായി തുടങ്ങിയത്.

ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസിന് വേണ്ടി ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തുന്ന ചരക്ക് ട്രെയിനിന് ഒറ്റത്തവണ 180 ടിഇയു (കണ്ടെയ്നറുകൾ) വരെ വഹിക്കാൻ ശേഷിയുണ്ട്. പാനിപ്പത്ത്, പാലി, മോദിനഗർ എന്നിവിടങ്ങളിലെ ഡിപി വേൾഡിന്റെ ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളെ മുന്ദ്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ സർവീസ്, കപ്പലുകളുടെ സമയക്രമത്തിന് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.
ബംഗാൾ ടൈഗർ ലൈൻ നടത്തുന്ന പുതിയ കൊച്ചി-കൊളംബോ പ്രതിവാര കപ്പൽ സർവീസ് മംഗളൂരു-കൊച്ചി-കൊളംബോ-മംഗളൂരു റൂട്ടിലാണ് സഞ്ചരിക്കുക. ഏകദേശം 1,000 ടിഇയു ശേഷിയുള്ള ‘എം.വി. ടിസി സിംഫണി’ എന്ന ആദ്യ കപ്പൽ കൊച്ചിയിലെ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ എത്തിച്ചേർന്നു. പ്രാദേശിക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദക്ഷിണേന്ത്യൻ വ്യവസായങ്ങൾക്ക് രാജ്യാന്തര ഷിപ്പിങ് ശൃംഖലകളിലേക്ക് കൂടുതൽ മികച്ച പ്രവേശനം നൽകുന്നതിനും ഈ പുതിയ സർവീസ് സഹായിക്കുമെന്ന് ഡിപി വേൾഡ് കൺട്രി മാനേജർ ഹേമന്ത് കുമാർ റൂയ വ്യക്തമാക്കി.
DP World introduces a new dedicated freight rail service connecting Delhi NCR to Mundra Port and a weekly shipping service linking Mangaluru, Kochi, and Colombo.
