വാണിജ്യ വിമാന സർവീസ് രംഗത്തേക്ക് കടക്കാനുദ്ദേശിക്കുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ്. ഇത്തരം പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ്, എയർലൈൻ കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വെക്കുന്നത് തടയുന്ന പഴയ ചട്ടങ്ങളിൽ ഇളവ് തേടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ ഔദ്യോഗിക വിശദീകരണം. നിലവിൽ രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ്, വ്യോമയാന മേഖലയിലെ വിവിധ സേവനങ്ങൾ വികസിപ്പിക്കുന്നുണ്ടെങ്കിലും എയർലൈൻ ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ (Stock Exchange Filing), തങ്ങൾ എയർലൈൻ ബിസിനസ്സ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ “പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്” എന്ന് കമ്പനി വ്യക്തമാക്കി. എയർലൈൻ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള യാതൊരു നിർദ്ദേശവും തങ്ങളുടെ പരിഗണനയിലില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു
അതേസമയം, വിമാനത്താവള നടത്തിപ്പുകാർ എയർലൈൻ ആരംഭിക്കുന്നത് വിപണിയിൽ അനാവശ്യ സ്വാധീനത്തിനും വിവേചനത്തിനും വഴിവെക്കുമെന്ന് ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ വിമാനത്താവള ഓപ്പറേറ്റർ തന്നെ എയർലൈൻ രംഗത്തേക്ക് കൂടി വരുമ്പോൾ, സ്വന്തം വിമാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനും മറ്റ് വിമാനക്കമ്പനികളോട് വിവേചനം കാണിക്കാനും സാധ്യതയുണ്ടെന്ന് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നു. അത് ദീർഘകാലാടിസ്ഥാനത്തിൽ യാത്രക്കാരുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇൻഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ മുന്നറിയിപ്പ് നൽകി.
നിലവിലെ നയങ്ങളിൽ മാറ്റം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും, അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾ വ്യോമയാന രംഗത്തേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഗ്ലോബൽ സ്റ്റാന്റേർഡ്സ് പ്രകാരം, വിമാനത്താവള നടത്തിപ്പുകാരും വിമാനക്കമ്പനികളും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടായിരിക്കണം. വിമാനത്താവള നടത്തിപ്പുകാർ വിമാനക്കമ്പനി കൂടി ആരംഭിച്ചാൽ അത് വിപണിയിൽ കുത്തകാവകാശത്തിനും മറ്റ് എയർലൈനുകൾക്ക് പ്രവർത്തനപരമായ തടസ്സങ്ങൾക്കും ഇടയാക്കുമെന്ന് വ്യോമയാന വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
Adani Group dismisses reports of launching a commercial airline as baseless. Meanwhile, IndiGo MD Rahul Bhatia warns against allowing airport operators to run airlines.