തമിഴ്നാട്ടിലെ ടാസ്മാക് (TASMAC) മദ്യവില്പനശാലകളിൽ നിന്ന് ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. Tasmace2e.in എന്ന പുതിയ പോർട്ടലിലൂടെ 21 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കൾക്ക് തത്സമയ സ്റ്റോക്ക് പരിശോധിക്കാനും ഡിജിറ്റലായി പണം നൽകാനും സാധിക്കും. വീടുകളിൽ ഡെലിവറി ലഭ്യമാക്കില്ലെങ്കിലും, ഓർഡർ ചെയ്ത ശേഷം ലഭിക്കുന്ന ക്യു.ആർ കോഡ് ഉപയോഗിച്ച് നിശ്ചിത കടകളിൽ നേരിട്ടെത്തി നിശ്ചിത വിലയ്ക്ക് മദ്യം കൈപ്പറ്റാവുന്നതാണ്. കച്ചവടക്കാരുടെ അമിതവില ഈടാക്കൽ തടയുന്നതിനും നീണ്ട വരികൾ ഒഴിവാക്കുന്നതിനുമാണ് റെയിൽടെലിന്റെ സഹായത്തോടെ ഈ പുതിയ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

ഓൺലൈൻ ബുക്കിംഗിനൊപ്പം മദ്യവില്പനയിൽ സുതാര്യത ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ കർശന ഇടപെടലുകളുമുണ്ട്. ഓരോ കുപ്പി മദ്യം വിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകണമെന്നും ബിൽ ബുക്കുകൾ കൃത്യമായി പരിപാലിക്കണമെന്നും കോടതി ടാസ്മാക് മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലെ ചെറിയ സാങ്കേതിക തടസ്സങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പുതിയ ഡിജിറ്റൽ സംവിധാനവും കോടതിയുടെ കർശന നിരീക്ഷണവും തമിഴ്നാട്ടിലെ മദ്യവില്പനയിൽ എന്തുമാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
TASMAC introduces online liquor booking in Tamil Nadu via Tasmace2e.in. Customers can pre-book and collect orders using QR codes at outlets
