ലോക്സഭ നിർണ്ണായകമായ ടാക്സ് ഭേദഗതി ബിൽ പാസാക്കിയിരിക്കുകയാണ്. നോട്ടിഫൈഡ് ഇലക്ട്രോണിക് പേയ്മെന്റ് മോഡുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെയും പേയ്മെന്റ് സേവന ദാതാക്കളെയും തടയുന്ന നിലവിലുള്ള നിയമപരമായ വ്യവസ്ഥ നീക്കം ചെയ്യാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. ആഗോള മൂലധനത്തിനും നിർമ്മാണ മേഖലയ്ക്കും ബിസിനസുകൾക്കും ഇന്ത്യയെ കൂടുതൽ ആകർഷകമായ ഇടമാക്കി മാറ്റുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
യുപിഐ, റുപേ കാർഡ് പേയ്മെന്റുകൾക്കായുള്ള മർച്ചന്റ് ചാർജുകളെ സംബന്ധിച്ച്, പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റും ആദായനികുതി നിയമവും തമ്മിലുള്ള ബന്ധം ഒഴിവാക്കാനും, യുപിഐ, റുപേ കാർഡ് ഇടപാടുകളിലെ zero-MDR ചട്ടക്കൂട് ഭേദഗതി ചെയ്യാൻ സർക്കാരിന് നിയമപരമായ പിന്തുണ നൽകാനും ബിൽ നിർദ്ദേശിക്കുന്നു. നിലവിൽ ബാങ്കുകൾക്കും പേയ്മെന്റ് സിസ്റ്റം ദാതാക്കൾക്കും യുപിഐ, റുപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പണമടയ്ക്കലുകൾക്ക് നേരിട്ടോ അല്ലാതെയോ ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ കഴിയില്ല. എന്നാൽ ഏതെല്ലാം ഇലക്ട്രോണിക് പേയ്മെന്റ് മോഡുകൾ അല്ലെങ്കിൽ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് വിജ്ഞാപനത്തിലൂടെ തീരുമാനിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ബിൽ. ബിൽ സ്വന്തമായി ഒരു മർച്ചന്റ് ഡിസ്കൗണ്ട് റേറ്റോ ഫീസോ ഏർപ്പെടുത്തുന്നില്ലെങ്കിലും, ഭാവിയിൽ സീറോ-എംഡിആർ ചട്ടക്കൂടിൽ മാറ്റം വരുത്താൻ സർക്കാരിന് ആവശ്യമായ നിയമപരമായ അടിത്തറ ഇത് നൽകുന്നുണ്ട്.
ഈ ബില്ലിലൂടെ 2007ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2025ലെ ആദായനികുതി നിയമം, 2026ലെ ഫിനാൻസ് ആക്റ്റ് എന്നിവയിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റ് ആവാസവ്യവസ്ഥയെ നയിക്കുന്ന ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾക്കും സുസ്ഥിര വരുമാന മാതൃക ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്കും ചെറിയ ബിസിനസുകൾക്കും ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾക്കായി ചെറിയ നിരക്ക് ചുമത്താനാണ് സർക്കാരിന്റെ സമീപനം എന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു
Lok Sabha passes Tax Amendment Bill modifying the zero-MDR framework on UPI and RuPay transactions, empowering the government to revise digital payment charges.
