എയർ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളത്തിൽ 8 ശതമാനം മുതൽ 15 ശതമാനം വരെ വർധന. കമാൻഡർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പള വർധന ലഭിക്കുന്നത്. ഇതോടൊപ്പം ഗ്രൂപ്പിനുള്ളിലെ കരിയർ വളർച്ച മുൻനിർത്തി എയർ ഇന്ത്യാ എക്സ്പ്രസ് വഴിയുള്ള കമാൻഡ് അപ്ഗ്രേഡുകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസിൽ സേവനം നടത്തുന്ന പൈലറ്റുമാർക്ക് പിന്നീട് എയർ ഇന്ത്യയുടെ വൈഡ് ബോഡി എയക്രാഫ്റ്റുകളിലേക്ക് മാറാൻ സാധിക്കും. കൂടാതെ, കൂടുതൽ സമയം വിമാനം പറത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസെന്റീവുകളും അലവൻസുകളും വർധിപ്പിച്ചിട്ടുമുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയും പാകിസ്ഥാൻ വ്യോമപാത അടച്ചതും കാരണം ദൈർഘ്യമേറിയ റൂട്ടുകളിൽ കൂടുതൽ പൈലറ്റുമാരെ ആവശ്യമായി വന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ശമ്പള വർധനയിലൂടെ പ്രതിമാസം 55 മണിക്കൂർ വിമാനം പറത്തുന്ന സീനിയർ കമാൻഡറുടെ വേതനം 7.5 ലക്ഷത്തിൽ നിന്ന് 8.3 ലക്ഷം രൂപയായി ഉയരും. എന്നാൽ പൈലറ്റുമാരുടെ പ്രിവിലേജ് ലീവ് 30 ദിവസത്തിൽ നിന്ന് 24 ദിവസമായി കുറച്ചിട്ടുമുണ്ട്. 2022ൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനങ്ങളുടെ എണ്ണം 100ൽ നിന്ന് 300 ആയി ഉയർത്തിയ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസിലെ പൈലറ്റ് ക്ഷാമം പരിഹരിക്കാൻ പ്രത്യേക അലവൻസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Air India revises pilot salaries with hikes up to 15%, introduces career progression via Air India Express, and increases flying allowances for its pilots
