രാജ്യത്തെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണി ലക്ഷ്യമിട്ട്, ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഹൈദരാബാദിൽ തുറന്ന് മൈക്രോസോഫ്റ്റ്. അദാനി ഗ്രൂപ്പ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളാണ് ഈ കേന്ദ്രത്തിലെ പ്രധാന ഉപഭോക്താക്കൾ. പൂനെ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ നിലവിലെ ക്ലൗഡ് റീജിയണുകൾക്ക് പുറമെ ഹൈദരാബാദിൽ ‘ഇന്ത്യ സൗത്ത് സെൻട്രൽ’ കേന്ദ്രം കൂടി പ്രവർത്തനം ആരംഭിച്ചതോടെ, രാജ്യത്ത് നാല് ക്ലൗഡ് റീജിയണുകളുള്ള ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന ദാതാവായി മൈക്രോസോഫ്റ്റ് മാറി. നൂറ് കോടിയിലധികം ഇന്റർനെറ്റ് ഉപഭോക്താക്കളും വലിയ സാങ്കേതിക പ്രൊഫഷണൽ നിരയുമുള്ള ഇന്ത്യൻ വിപണി മുന്നിൽ കണ്ട്, രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഏകദേശം 20.5 ബില്യൺ ഡോളറാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവന വിഭാഗമായ ‘അസൂർ’ (Azure) വരുമാനത്തിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഡാറ്റ ലഭ്യമാകുന്നിടത്തും തീരുമാനങ്ങൾ കൈക്കൊള്ളുന്നിടത്തും വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും പുതിയ ഹൈദരാബാദ് കേന്ദ്രം അതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് പുനീത് ചന്ദോക് വ്യക്തമാക്കി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ആമസോൺ തുടങ്ങിയ എതിരാളികളും ഇന്ത്യയിലെ എഐ സാധ്യതകൾ ലക്ഷ്യമിട്ട് ഡാറ്റാ സെന്റർ ശേഷി വർദ്ധിപ്പിക്കാൻ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. റിലയൻസ് ജിയോയുമായി പങ്കാളിത്തത്തിൽ മൈക്രോസോഫ്റ്റ് നിലവിൽ മറ്റ് രണ്ട് ഡാറ്റാ സെന്ററുകൾ കൂടി രാജ്യത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്.

Microsoft launches its ‘India South Central’ data center region in Hyderabad, becoming the top cloud service provider with 4 regions to power AI growth in India.

Share.
Leave A Reply

Exit mobile version