എഥനോൾ ചേർത്ത ഡീസൽ (Ethanol-blended diesel) ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളിൽ പരാജയപ്പെട്ടതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡീസലിൽ എഥനോൾ ചേർക്കുന്നത് ഇന്ധനത്തിന്റെ ഫ്ലാഷ് പോയിന്റ് വൻതോതിൽ കുറയാൻ കാരണമാകുന്നതിനാലാണ് സുരക്ഷാ പരിശോധനയിൽ തിരിച്ചടിയുണ്ടായതെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞു. ഈ സാങ്കേതിക തടസ്സം പരിഹരിക്കപ്പെടും വരെ ഡീസലിൽ എഥനോൾ മിശ്രണം ചെയ്യുന്നത് ഒഴിവാക്കുമെന്നും നിലവിൽ ഇതിന്റെ വ്യാപകമായ ഉപയോഗം സാധ്യമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമേഖലാ എണ്ണക്കമ്പനികളും (OMCs) അംഗീകൃത ലബോറട്ടറികളും ഓട്ടോമൊബൈൽ നിർമ്മാതാക്കളും സംയുക്തമായാണ് എഥനോൾ-ഡീസൽ മിശ്രിതത്തിന്റെ ശാസ്ത്രീയ പരിശോധനകൾ നടത്തിയത്. ഡീസലിൽ എഥനോൾ അടങ്ങിയിരിക്കുമ്പോൾ അതിന്റെ ഫ്ലാഷ് പോയിന്റ് അളവ് വൻതോതിൽ താഴുന്നതായി ഈ പരിശോധനകളിൽ വ്യക്തമായെന്ന് മന്ത്രി പറഞ്ഞു. ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്ത് നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രണം ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും, ഡീസലിന്റെ കാര്യത്തിൽ ഈ സാങ്കേതിക തടസ്സം തിരിച്ചടിയാവുകയായിരുന്നു.
പെട്രോളിലെ എഥനോൾ മിശ്രണം നിലവിലുള്ള 20 ശതമാനത്തിൽ കൂടുതൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, എണ്ണക്കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി വിശദമായ ശാസ്ത്രീയ-സാങ്കേതിക പഠനങ്ങളും കൂടിയാലോചനകളും നടത്തിയ ശേഷം മാത്രമേ ഭാവിയിൽ ഇത്തരം തീരുമാനങ്ങൾ ഉണ്ടാകൂ.
കൂടാതെ, ഐസോബൂട്ടനോൾ (isobutanol) നിലവിൽ ഡീസലിൽ ചേർക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ അധിക എഥനോൾ ഉൽപ്പാദനം പ്രയോജനപ്പെടുത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി.യെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും എഥനോൾ പാചക ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമായ എൽ.പി.ജി. എക്യുപ്മെന്റ് റിസർച്ച് സെന്റർ, എഥനോൾ അടിസ്ഥാനമാക്കിയുള്ള ശുദ്ധമായ പാചക ഇന്ധന ബദലുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Government halts the rollout of ethanol-blended diesel after safety tests reveal a significant drop in flash point, raising safety concerns
