ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷനും (BofA) തമ്മിൽ സംയുക്ത സംരംഭ കരാർ ഒപ്പുവെച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജിയോ ക്രെഡിറ്റ് ലിമിറ്റഡിൽ (JCL) 49.9% വരെ ഓഹരികൾ സ്വന്തമാക്കാനാണ് ബാങ്ക് ഓഫ് അമേരിക്ക ലക്ഷ്യമിടുന്നത്. പ്രെഫറൻഷ്യൽ അലോട്ട്‌മെന്റ് വഴിയുള്ള ഈ നിക്ഷേപം വഴി ജിയോ ക്രെഡിറ്റിന്റെ വളർച്ചയ്ക്കും സാങ്കേതിക വികസനത്തിനും ആഗോള ധനകാര്യ സേവന വിദഗ്ദ്ധരുടെ സേവനം ലഭ്യമാകും. ജിയോയുടെ ഇന്ത്യയിലെ ഡിജിറ്റൽ സാന്നിധ്യവും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വായ്പാ സേവനങ്ങൾ നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രവർത്തനം ആരംഭിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ 30,667 കോടി രൂപയുടെ അറ്റ് അണ്ടർ മാനേജ്‌മെന്റ് (AUM) കൈവരിച്ച ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എൻ.ബി.എഫ്.സി കളിൽ ഒന്നാണ് ജിയോ ക്രെഡിറ്റ് ലിമിറ്റഡ്. ഈ പുതിയ പങ്കാളിത്തത്തിലൂടെ ലഭിക്കുന്ന ദീർഘകാല നിക്ഷേപം കമ്പനിയുടെ വായ്പാ വിപുലീകരണത്തിന് കരുത്തുപകരുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. കൂടാതെ, ബാങ്ക് ഓഫ് അമേരിക്കയുടെ റിസ്ക് മാനേജ്‌മെന്റ്, ഗവേണൻസ്, സാങ്കേതിക മികവ് എന്നിവയും ജിയോ ക്രെഡിറ്റിന് മുതൽക്കൂട്ടാകും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി സുസ്ഥിരമായ വായ്പാ സേവനങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കുകയാണ് സംയുക്ത സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇരു കമ്പനികളും അറിയിച്ചു.
ഈ കരാറിലൂടെ പ്രാരംഘട്ടത്തിൽ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ജിയോ ക്രെഡിറ്റിൽ 26.5% ഇക്വിറ്റി ഓഹരി ലഭിക്കും. വാറന്റുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതോടെ ഇത് 49.9% ആയി ഉയരും. അംഗീകാരങ്ങൾക്ക് വിധേയമായ ഈ ഇടപാടനുസരിച്ച്, ജിയോ ക്രെഡിറ്റിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ജിയോ ഫിനാൻഷ്യൽ സർവീസസിനും ബാങ്ക് ഓഫ് അമേരിക്കയ്ക്കും തുല്യ പ്രതിനിധ്യം ഉണ്ടായിരിക്കും. നിലവിലുള്ള മാനേജ്‌മെന്റ് ടീം തന്നെയായിരിക്കും കമ്പനിയുടെ തുടർ പ്രവർത്തനങ്ങളും തന്ത്രങ്ങളും നയിക്കുക. ഇന്ത്യയിലെ വളർന്നുവരുന്ന വിപണിയിൽ ദീർഘകാല നിക്ഷേപത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ ബാങ്ക് ഓഫ് അമേരിക്ക സി.ഇ.ഒ ബ്രയാൻ മോയ്നിഹാൻ, ജിയോയുമായുള്ള ഈ കൂട്ടായ്മ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ പിന്തുണയാകുമെന്ന് കൂട്ടിച്ചേർത്തു.
Bank of America partners with Jio Financial Services to acquire up to 49.9% stake in Jio Credit Limited through an ₹18,268 crore investment deal.