തമിഴ്നാട്ടിൽ ടി.വി.കെ സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തേക്ക് എത്തിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ. ചെന്നൈയിൽ നടന്ന ‘വെട്രി തമിഴ്നാട്’ നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ സാന്നിധ്യത്തിൽ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വ്യവസായ വികസനത്തിനായി ആകെ 1,02,514 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവിൽ ലഭിച്ചിരിക്കുന്നത്. ഇതിലൂടെ 1,21,788 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്കൈറൂട്ട് എയ്റോസ്പേസ് (250 കോടി), അഗ്നികുൽ കോസ്മോസ് (400 കോടി), ആൾ മൊബിലിറ്റി (779 കോടി), സൂപ്പർ മൈക്രോ (477 കോടി), വൈ.കെ.കെ (1,651 കോടി), ആവിഡ് ഗ്രൂപ്പ് (7,000 കോടി), ബിറ്റ്സർ (300 കോടി) തുടങ്ങിയ പ്രമുഖ കമ്പനികൾ നിക്ഷേപ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ജർമ്മൻ കമ്പനിയായ ഡൈംലർ 4,000 കോടി രൂപയും, ജെ.കെ ടയർ 5,143 കോടി രൂപയും മുടക്കി തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, എയ്റോസ്പേസ്, പുനരുപയോഗ ഊർജം തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് ഈ നിക്ഷേപങ്ങളെല്ലാം എത്തുന്നത്.
ഇതിനുപുറമെ, എൽ ആൻഡ് ടിയുടെ കോയമ്പത്തൂർ ഇലക്ട്രോണിക്സ് പദ്ധതി (2,500 കോടി), ശ്രീ സിമന്റ് (838 കോടി) ഉൾപ്പെടെ 4,476 കോടി രൂപയുടെ എട്ട് പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. തിരുനെൽവേലിയിലെ വിക്രം സോളാർ പദ്ധതി (1,300 കോടി), മിഷ്ലിൻ പദ്ധതി (686 കോടി) ഉൾപ്പെടെയുള്ള അഞ്ച് പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കൂടാതെ തമിഴ്നാട് ന്യൂസ്പ്രിന്റിന്റെ ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റും, കാഞ്ചീപുരത്തെ എയ്റോസ്പേസ് പാർക്കും അടക്കമുള്ള വിവിധ പദ്ധതികളും സർക്കാർ ഉദ്ഘാടനം ചെയ്തു.
Tamil Nadu secures ₹1.03 lakh crore in investments and signs 97 MoUs within the first 100 days, creating over 1.2 lakh jobs across key industry sectors
