റഷ്യയിൽ നിന്നുള്ള അഞ്ചാമത്തെ എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനം 2027 ഫെബ്രുവരിയോടെ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ സംവിധാനം ഇന്ത്യയിലെത്തുമെന്നും, ഇതിന് മുന്നോടിയായുള്ള പരിശോധനകൾക്കായി (പ്രീ-ഡിസ്പാച്ച് ഇൻസ്പെക്ഷൻ) ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംഘം ഡിസംബറിൽ റഷ്യ സന്ദർശിക്കുമെന്നും ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അഞ്ചാമത്തെ യൂണിറ്റ് കൂടി എത്തുന്നതോടെ, 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാറിലെ അഞ്ച് എസ്-400 സംവിധാനങ്ങളുടെയും കൈമാറ്റം പൂർത്തിയാകും.

400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ശത്രുവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400. ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ച നാല് യൂണിറ്റുകളിൽ മൂന്നെണ്ണം പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി പാകിസ്ഥാൻ അതിർത്തിയിലും നാലാമത്തേത് കിഴക്കൻ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മെയ് മാസത്തിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ എസ്-400 നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
India is set to deploy its fifth Russian S-400 air defence system on the Pakistan border by February 2027, completing the $5.43 billion defense deal with Russia.

